രാജ്യത്ത് പത്ത് സംസ്ഥാനങ്ങളില്‍ കോവിഡ് രൂക്ഷം; കേരളം മുന്നില്‍


AUGUST 1, 2021, 8:09 AM IST

ന്യൂഡല്‍ഹി : കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 10 സംസ്ഥാനങ്ങളിലെ സ്ഥിതി അവലോകനം ചെയ്ത് കേന്ദ്രം. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഒഡിഷ, അസം, മിസോറാം, മേഘാലയ, ആന്ധ്രാപ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടിയ സാഹചര്യത്തിലാണ് കേന്ദ്രം അവലോകന യോഗം നടത്തിയത്.

ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തില്‍, 10 ശതമാനത്തിലധികം ടിപിആര്‍ ഉള്ള ജില്ലകളില്‍ ജനക്കൂട്ടം നിയന്ത്രിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

കോവിഡ് നിരീക്ഷണത്തിനും നിയന്ത്രണത്തിനുമായി സ്വീകരിച്ച പൊതുജനാരോഗ്യ നിര്‍ദേശങ്ങള്‍ അതത് സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് അധികൃതര്‍ യോഗത്തില്‍ വിശദീകരിച്ചു. കോവിഡ് സ്ഥിതി കൈകാര്യം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ ആരോഗ്യ സെക്രട്ടറി യോഗത്തില്‍ പങ്കുവച്ചു.

ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കണമെന്നും നിലവില്‍ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാവീഴ്ചകള്‍ സംഭവിച്ചാല്‍ അത് സ്ഥിതി വഷളാക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, പിഎസ്എ പ്ലാന്റുകള്‍ എന്നിവ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

പ്രതിദിനം 40,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. വിവിധ സംസ്ഥാനങ്ങളിലെ 46 ജില്ലകളില്‍ പത്ത് ശതമാനത്തിലധികം പോസിറ്റിവിറ്റി കാണിക്കുകയും 53 ജില്ലകളില്‍ അഞ്ച് ശതമാനം മുതല്‍ 10 ശതമാനം വരെ പോസിറ്റിവിറ്റി നിരക്ക് കാണിക്കുകയും ചെയ്യുന്നുണ്ട്.

ഈ സ്ഥലങ്ങളിലെ പരിശോധന വേഗത്തിലാക്കാനും ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

കേരളത്തില്‍ അഞ്ചുദിവസത്തിനിടെ ഒരു ലക്ഷം കേസുകള്‍

കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിനം ഇരുപതിനായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

മലപ്പുറം, കോഴിക്കോട് , തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. സംസ്ഥാനത്ത് ഇന്നലെ 20,624 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇതോടെ ആകെ മരണം 16,781 ആയി. അതേസമയം സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ എത്തിയ കേന്ദ്ര സംഘം ഇന്ന് പത്തനംതിട്ട, കോട്ടയം ജില്ലകള്‍ സന്ദര്‍ശിക്കും. വിദഗ്ദ്ധ സംഘം നാളെ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Other News