ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.17 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. ബുധനാഴ്ചത്തേക്കാള്‍ 12 ശതമാനം വര്‍ധനവാണ് പുതിയ കേസുകളില്‍ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ രോഗവ്യാപന നിരക്ക് 16.41 ശതമാനമായി ഉയരുകയും ചെയ്തു.
അതേസമയം രോഗലക്ഷണങ്ങള്‍ തീവ്രമല്ലാത്ത കേസുകളെ സാധരണ പനിയായി കാണരുതെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് അംഗങ്ങള്‍ മുന്നറിയിപ്പുനല്‍കി . ഗുജറാത്ത് സര്‍ക്കാരിന്റെ കീഴിലുള്ള വിദഗ്ധരാണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വാക്സിനേഷന് ലഭിക്കാത്തതിനാല്‍ 15 വയസില്‍ താഴെ പ്രായമുള്ളവര്‍ കൂടുതല്‍ സൂക്ഷിക്കണമെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ടാസ്ക് ഫോഴ്സിന്റെ ഭാഗമായുള്ള പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. അതുല്‍ പട്ടേല്‍, സൈഡസ് ഹോസ്പിറ്റല്‍ ഡയറക്ടറും ഡയബറ്റോളജിസ്റ്റുമായ ഡോ. വി.എന്‍ ഷാ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ഗാന്ധിനഗര്‍ ഡയറക്ടറും പബ്ലിക് ഹെല്‍ത്ത് സ്പെഷ്യലിസ്റ്റുമായ ഡോ. ദിലീപ് മാവ്ലങ്കര്, പള്‍മണോളജിസ്റ്റ് ഡോ. തുഷാര്‍ പട്ടേല്‍, ന്യൂറോ ഫിസിഷ്യന്‍ ഡോ. സുധീര്‍ ഷാ എന്നിവര്‍ അഹമ്മദാബാദില്‍ നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
രണ്ടാമത്തെ തരംഗത്തിലെ പോലെ വലിയ തോതിലുള്ള രോഗവ്യാപനത്തിലേക്ക് സ്ഥിതിഗതികള്‍ നീങ്ങാതെ സൂക്ഷിക്കണമെന്നും അവര്‍ പറഞ്ഞു. തൊണ്ട വേദന, പനി, ജലദോഷം, ശരീര വേദന എന്നിവയാണ് മൂന്നാം തരംഗത്തില്‍ പ്രധാനമായും കാണുന്ന രോഗലക്ഷണങ്ങളെന്ന് ഡോ. തുഷാര്‍ പട്ടേല്‍ ചൂണ്ടിക്കാണിച്ചു.
രണ്ടാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി ഇതുവരെ രോഗികളില്‍ നാഡീസംബന്ധമായ രോഗങ്ങള്‍ പ്രകടമല്ലെന്ന് ഡോക്ടര്‍ സുധീര്‍ ഷാ പറഞ്ഞു. ഇതുവരെ, തലവേദന, തലകറക്കം, പേശി വേദന ഒഴികെ നാഡീസംബന്ധമായ ലക്ഷണങ്ങള്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസുകള്‍ അതിവേഗം വര്‍ധിക്കുകയാണെങ്കില്‍ ആശുപത്രികള്‍ക്ക് താങ്ങാനാവുന്നതിലും അധികമായേക്കുമെന്ന് ഡോ. അതുല്‍ പട്ടേല്‍ പറഞ്ഞു. നേരത്തെ രോഗം ബാധിച്ചവര്‍ക്കും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവരിലും ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
''ഒമിക്രോണ്‍ വകഭേദം ബാധിക്കാന്‍ സാധ്യതയുള്ള രണ്ട് വിഭാഗക്കാരാണുള്ളത്. ഒന്ന് ലോ റിസ്കും മറ്റൊന്ന് ഹൈ റിസ്കും. ലോ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത് യുവാക്കളും മറ്റ് രോഗങ്ങളില്ലാത്തവരുമാണ്. ഹൈ റിസ്ക് വിഭാഗത്തിലുള്ളത് പ്രായമായവരും ഗുരുതര രോഗമുള്ളവരുമാണ്. അവയവ ശസ്ത്രക്രിയ നടത്തിയവരും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരക്കാരില്‍ പെട്ടെന്ന് ഒമിക്രോണ്‍ ബാധിക്കാന്‍ സാധ്യതയുണ്ട്,'' ഡോ. അതുല്‍ വ്യക്തമാക്കി.