പശു ഓക്‌സിജൻ തരുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി;ആദ്യം പറഞ്ഞത് കേരളത്തിലെ ബി ജെ പി നേതാവ് 


JULY 26, 2019, 8:31 PM IST

ഡെറാഡൂണ്‍:ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക ജീവിയാണെന്ന്  പശുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. പശുവിനെ തടവുന്നത് ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ മാറാന്‍ സഹായിക്കുമെന്നും അടുത്തുനിന്നാൽ ക്ഷയരോഗം മാറുമെന്നും ബി ജെ പിയുടെ മുഖ്യമന്ത്രി അവകാശപ്പെട്ടു.

നേരത്തെ കേരളത്തിലെ ബി ജെ പി നേതാവ് ജെ ആര്‍ പത്മകുമാറും പശു ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്ത് വിടുകയും ചെയ്യുന്ന ജീവിയാണെന്ന് പറഞ്ഞിരുന്നു.

പശുവിന്‍ പാലിന്‍റെയും ഗോമൂത്രത്തിന്‍റെയും ഗുണങ്ങള്‍ വിശദീകരിക്കുന്ന ത്രിവേന്ദ്ര സിംഗിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചരിച്ചത്. പശുവിന്‍റെ അടുത്ത് താമസിച്ചാല്‍ ക്ഷയരോഗം പോലും മാറുമെന്നും റാവത്ത് പറഞ്ഞതായി 'ഇന്ത്യ ടുഡെ' റിപ്പോര്‍ട്ട് ചെയ്‌തു.

ഗരുഡ് ഗംഗയിലെ വെള്ളം കുടിച്ചാല്‍ സിസേറിയന്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് ബി ജെ പി ഉത്തരാഖണ്ഡ് സംസ്ഥാന അധ്യക്ഷനും നൈനിറ്റാള്‍ എം പിയുമായ അജയ് ഭട്ട് പറഞ്ഞതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾ.

എന്നാല്‍ ഉത്തരാഖണ്ഡില്‍ നിലനില്‍ക്കുന്ന ഒരു വിശ്വാസമാണ് മുഖ്യമന്ത്രി പങ്കുവെച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ വിശദീകരിച്ചത്. പാലിനും ഗോമൂത്രത്തിനും ഔഷധഗുണങ്ങള്‍ ഉണ്ടെന്നും പശു ഓക്‌സിജന്‍ പ്രദാനം ചെയ്യുന്നുണ്ടെന്നതാണ് മലയോര ജനതയുടെ വിശ്വാസമെന്നും ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Other News