ജനസംഖ്യാ- ജാതി സെന്‍സസുകള്‍ ഉടന്‍ നടത്തണമെന്ന് സി പി എം


SEPTEMBER 21, 2022, 10:57 PM IST

ന്യൂദല്‍ഹി: ജനസംഖ്യാ സെന്‍സസും ജാതി സെന്‍സസും അടിയന്തരമായി നടത്തണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. കോവിഡിന് ശേഷം ശാസ്ത്രീയമായ നയങ്ങള്‍ രൂപപ്പെടുത്താന്‍ സെന്‍സസ് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡ് നേരിടുന്നതിലെ കെടുകാര്യസ്ഥതയും സാമ്പത്തിക തകര്‍ച്ചയും കാരണം പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും ശാസ്ത്രീയമായ നയങ്ങള്‍ രൂപപ്പെടുത്താനും സെന്‍സസ് നടത്തി ലഭിക്കുന്ന ഡാറ്റ അനിവാര്യമാണെന്നും യെച്ചൂരി ട്വീറ്റില്‍ പറഞ്ഞു. 

രാജ്യപുരോഗതിക്ക് ആവശ്യമായ പദ്ധതി ആസൂത്രണം, അതില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും അര്‍ഹമായ വിഹിതം ഉറപ്പാക്കല്‍, ഭരണ നിര്‍വഹണത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ ജനസംഖ്യാനുപാതകമായ ക്രമീകരണങ്ങള്‍ തുടങ്ങിയവയ്ക്കൊക്കെ ആവശ്യമായ സ്ഥിതി വിവരങ്ങളാണ് സെന്‍സസിലൂടെ ലഭ്യമാക്കുന്നതെന്നും സി പി എം പറഞ്ഞു. 

ഉയര്‍ന്ന ജാതികള്‍ എന്നു വിളിക്കുന്നവര്‍ ജോലികളിലും ഉന്നത വിദ്യാഭ്യാസത്തിലും ആനുപാതികമല്ലാത്ത പങ്കാണ് കൈവശപ്പെടുത്തിയിരിക്കുന്നതെന്ന് ബോധ്യപ്പെടുത്താന്‍ ജാതി സെന്‍സസിലൂടെ കഴിയുമെന്നും സി പി എം പറഞ്ഞു. സെന്‍സസ് വൈകിപ്പിക്കുന്നതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാറിന്റേയും ബി ജെ പിയുടേയും രാഷ്ട്രീയ താത്പര്യമുണ്ടെന്നും സി പി എം നേരത്തെ ആരോപിച്ചിരുന്നു. 

Other News