ഡി. രാജ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പദത്തിലേക്ക്; കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പരമോന്നത നേതൃത്വത്തിലെത്തുന്ന ആദ്യ ദളിത് നേതാവ്


JULY 21, 2019, 2:52 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ഡി രാജയെ നിയമിക്കാന്‍ തീരുമാനം. സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡിയുടെ പിന്‍ഗാമിയായി ആയാണ് ഡി രാജ എത്തുന്നത്. സിപിഐയുടെ ദേശീയ നിര്‍വാഹക സമിതി രാജയെ നേതൃപദവിയിലേക്ക് നിയമിക്കാന്‍ തീരുമാനിച്ചു.

ദേശീയ കൗണ്‍സില്‍ നിയമനം അംഗീകരിക്കുന്നതോടെ നിയമന നടപടികള്‍ പൂര്‍ത്തിയാകും.ഇന്ത്യയിലെ മുഖ്യ ധാരാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് എത്തുന്ന ആദ്യ ദളിത് നേതാവ് എന്ന നിലയില്‍ ഡി. രാജയുടെ നിയമനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തിലെ പുതിയ അധ്യായമായി മാറും. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവാണ് ദൊരൈസ്വാമി രാജ എന്ന ഡി രാജ. എഴുപതുകാരനായ അദ്ദേഹം 1994 മുതല്‍ പാര്‍ട്ടി ദേശീയ സെക്രട്ടറിയാണ്.

നിലവില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗമായ രാജയുടെ കാലാവധി അടുത്ത ബുധനാഴ്ച അവസാനിക്കുകയാണ്. സി പി ഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയാണ് ഭാര്യ. ജെഎന്‍യുവിലെ വിദ്യാര്‍ഥി നേതാവായിരുന്ന അപരാജിതയാണ് മകള്‍. പ്രതിപക്ഷ ഐക്യവേദികളെല്ലാം സിപിഐയുടെ മുഖമായെത്തുന്ന രാജ എല്ലാ പാര്‍ട്ടികളുമായി സൗഹൃദം പുലര്‍ത്തുന്ന നേതാവാണ്. അത് തന്നെയാണ് അദ്ദേഹത്തിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതും.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അമരത്ത് പിന്നാക്ക വിഭാഗക്കാരനായ ഒരാള്‍ എത്തുന്നത് ചരിത്രത്തില്‍ ആദ്യം. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്ന് സാഹചര്യങ്ങളോട് പടവെട്ടി രാഷ്ട്രീയം കരുപിടിപ്പിച്ച രാജയ്ക്ക് ചരിത്രപ്രതിസന്ധിയെ നേരിടുന്ന പാര്‍ട്ടിയെ കൈപിടിച്ചുകയറ്റുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് മുന്നിലുള്ളത്. ഡി രാജ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉയര്‍ന്ന സ്ഥാനത്തെത്തുന്നത് ഒട്ടും അപ്രതീക്ഷിതമായല്ല. കുട്ടിക്കാലം തൊട്ടേ പ്രതികൂല സാഹചര്യങ്ങള്‍ മാത്രം കണ്ടു ശീലിച്ച രാജ പാര്‍ട്ടി ചരിത്രപ്രതിസന്ധിയെ നേരിടുന്ന കാലത്താണ് നയിക്കാനെത്തുന്നത്.

1949 ല്‍ തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ ചിത്താത്തൂര്‍ ഗ്രാമത്തില്‍ ജനനം. ഒരു തുണ്ട് ഭൂമിയില്ലാത്ത ദുരൈസ്വാമിയും നയാഗവും മക്കളുടെ പട്ടിണിയകറ്റാന്‍ നന്നേ കഷ്ടപ്പെട്ടു. അങ്കണവാടിയില്‍ പാചകക്കാരിയായിരുന്ന നയാഗം മകന്‍ രാജയെ പഠിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയില്ല.സ്‌കൂള്‍ പഠനകാലത്ത് വിശപ്പുമൂലം തളര്‍ന്ന തന്നെ ഗ്രൗണ്ടിലിറങ്ങാന്‍ പോലും കായികാധ്യാപകന്‍ സമ്മതിച്ചിരുന്നില്ലെന്ന് അടുപ്പമുള്ളവരോട് രാജ തന്നെ പറഞ്ഞിട്ടുണ്ട്. താന്‍ നിരാഹാര സമരം നടത്തിയിട്ടില്ലെങ്കിലും പട്ടിണിയെന്തന്നറിയാമെന്ന് ഈയടുത്ത കാലത്ത് രാജ പറഞ്ഞത് അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. പൊള്ളുന്ന അനുഭവങ്ങള്‍ തന്നെയായിരുന്ന രാജയുടെ രാഷ്ട്രീയവും വളര്‍ത്തിയത്.

ചിത്താത്തൂര്‍ ഗ്രാമത്തിലെ ആദ്യ ബിരുദധാരിയാണ് രാജ. ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം സര്‍ക്കാരുദ്യോഗം നേടിയെങ്കിലും മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തനത്തിലേര്‍പ്പെടാനായിരുന്നു തീരുമാനം. എഐവൈഎഫിന്റെ ദേശീയ-സംസ്ഥാന ചുമതലകള്‍ വഹിച്ച അദ്ദേഹം 1994 മുതല്‍ സിപിഐയുടെ ദേശീയ സെക്രട്ടറിയാണ്. 2007 തൊട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗവും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന ആശയക്കാരനാണ് ഡി രാജ.ഇന്ത്യയിലെ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളില്‍ ഡോ. അംബേദ്ക്കറെ കുറിച്ച് ഇത്രയേറെ എഴുതുകയും പറയുകയും ചെയ്ത നേതാക്കളിലൊരാള്‍ ഡി രാജ അല്ലാതെ മറ്റൊരാള്‍ കാണില്ല. ദേശീയ പത്രങ്ങളിലും മാര്‍ക്‌സ് ആന്റ് അംബേദ്കര്‍ കണ്ടിന്യൂയിംങ് ദി ഡയലോഗ് തുടങ്ങിയ പുസ്തകങ്ങളിലും അദ്ദേഹം അംബേദ്ക്കര്‍ ഉയര്‍ത്തിയ സാമൂഹ്യനീതിയെക്കുറിച്ചുള്ള വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്നു.

Other News