മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ കനത്ത മഴയില്‍ അണക്കെട്ട് തകര്‍ന്ന് 6 പേര്‍ മരിച്ചു; 17 പേരെ കാണാനില്ല


JULY 3, 2019, 12:21 PM IST

മുംബൈ:  മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ കനത്ത മഴയില്‍ അണക്കെട്ട് തകര്‍ന്ന് 15 വീടുകള്‍ ഒലിച്ചുപോയി. ദുരന്തത്തില്‍ 6 പേര്‍മരിച്ചു. 17 പേരെ കാണാതായി.  രത്നഗിരി ജില്ലയിലെ തിവാരെ അണക്കെട്ടാണ് ചൊവ്വാഴ്ച രാത്രി 10 മണിയോടെ തകര്‍ന്നത്. അണക്കെട്ട് തകര്‍ന്നതോടെ സമീപത്തെ ജനവാസമേഖലകളിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയടക്കം എത്തിയിട്ടുണ്ട്.

ഡാം തകര്‍ന്നതിനെതുടര്‍ന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. കഴിഞ്ഞ അഞ്ച് ദിവസമായി കനത്ത മഴയാണ് മഹാരാഷ്ട്രയില്‍ തുടരുന്നത്. റോഡുകളും റെയില്‍വേ ട്രാക്കുകളുമെല്ലാം വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് റോഡ്,റെയില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം റണ്‍വേയില്‍ വിമാനം തെന്നിനീങ്ങിയതിനെ തുടര്‍ന്ന് വിമാനസര്‍വീസുകളും തടസ്സപ്പെട്ടിട്ടുണ്ട്.

കനത്ത മഴയില്‍ മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 28 ആയി. മുംബൈയില്‍ മാത്രം 22 പേരാണ് മരിച്ചത്. മലാഡില്‍ മതില്‍ തകര്‍ന്ന് 18 പേര്‍ മരിച്ചു. മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ കല്യാണില്‍ 3 പേരും പൂനെയില്‍ 6 പേരും മരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് 5 ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചു.

Other News