സുനന്ദ പുഷ്‌കറിന്റെ മൃതശരീരത്തില്‍ 15 മുറിപ്പാടുകള്‍ ഉണ്ടായിരുന്നുവെന്ന് ഡല്‍ഹി പോലീസ്


AUGUST 21, 2019, 5:37 PM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ ശരീരത്തില്‍ 15 മുറിപ്പാടുകള്‍ ഉണ്ടായിരുന്നതായി ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചു.

ദാമ്പത്യ ബന്ധത്തിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ കാരണം സുനന്ദ മാനസിക പ്രശ്നം നേരിട്ടുവരികയായിരുന്നെന്നും പോലീസ് പറയുന്നു. ഭാര്യയെ ഉപദ്രവിച്ചെന്നും ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചെന്നുമാണ് ഡല്‍ഹി പോലീസ് തരൂരിനെതിരെ ചാര്‍ത്തിയ കുറ്റം.

കേസില്‍ ഇപ്പോള്‍ ജാമ്യത്തിലാണ് തരൂര്‍. വിഷബാധയേറ്റാണ് സുന്ദയുടെ മരണം സംഭവിച്ചതെന്നും മൃതദേഹത്തില്‍ 15 മുറിപ്പാടുകള്‍ കണ്ടെത്തിയിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടിലുണ്ടെന്ന് പോലീസ് കോടതിയില്‍ വ്യക്തമാക്കി.തരൂരിനുമേല്‍ കുറ്റം ചുമത്തുന്നതിനു മുന്നോടിയായുള്ള വാദം കേള്‍ക്കലാണ് ഇപ്പോള്‍ കോടതിയില്‍ നടന്നു വരുന്നത്. തരൂരും സുനന്ദയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നെന്ന സുന്ദയുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ നളിനി സിങിന്റെ മൊഴിയും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാരുമായി ശശി തരൂരിനുണ്ടായിരുന്ന അടുപ്പമാണ് സുനന്ദയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയതെന്നതിന് തെളിവായി തരൂര്‍ തറാറിനയച്ച ഇ മെയിലും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മെഹര്‍ തരാറുമായി ശശി തരൂരിന് അടുപ്പമുണ്ടെന്നതിന് പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഇമെയിലെ കുറിച്ച് അറിയില്ലെന്ന് തരൂരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് പഹ്വ പറഞ്ഞു. കേസ് ഓഗസ്റ്റ് 31ന് വീണ്ടും കോടതി പരിഗണിക്കും.