ഡല്‍ഹി കൂട്ട ബലാത്സംഗം; പ്രതികളുടെ ദയാഹര്‍ജി ഡല്‍ഹി സര്‍ക്കാര്‍ തള്ളി


DECEMBER 2, 2019, 10:54 AM IST

ന്യൂഡല്‍ഹി:  ഡല്‍ഹി കൂട്ട ബലാത്സംഗം പ്രതികളുടെ ദയാഹര്‍ജി ഡല്‍ഹി സര്‍ക്കാര്‍ തള്ളി. പ്രതികള്‍ ഒരു കാരണവാശാലും ദയ അര്‍ഹിയ്ക്കുന്നില്ലെന്ന് ദയാഹര്‍ജ്ജി തള്ളിക്കൊണ്ട് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണത്തിനാണ് ഡല്‍ഹി സര്‍ക്കാര്‍ മറുപടി നല്‍കിയത്. ആഭ്യന്തരമന്ത്രാലയം ദയാഹര്‍ജി നിരസിക്കാന്‍ ശുപാര്‍ശ ചെയ്ത് രാഷ്ട്രപതിക്ക് കൈമാറും.

ഡല്‍ഹി കൂട്ടാബലാത്സംഗത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് പ്രതികള്‍ നല്‍കിയ ദയാഹര്‍ജി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഡല്‍ഹി സര്‍ക്കാരിന് കൈമാറിയിരുന്നു. നിലപാട് വ്യക്തമാക്കാനായിരുന്നു നിര്‍ദേശം. പ്രതികള്‍ നല്‍കിയ ദയാഹര്‍ജി പരിഗണിക്കാന്‍ പോലും അര്‍ഹത ഇല്ലാത്തതാണെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ മറുപടി.

ഇക്കാര്യം വ്യക്തമാക്കി ഇന്നലെ രാത്രിയോടെ ഫയല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാള്‍ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. അക്ഷയ് താക്കൂര്‍(33) വിനയ് ശര്‍മ (33), വപന്‍ ഗുപ്ത(24), മുകേഷ് സിംഗ്(31)എന്നിവരുടെ ദയാഹര്‍ജിയാണ് തള്ളിയത്. ആഭ്യന്തരമന്ത്രാലയം ഈ ആഴ്ചതന്നെ നടപടികള്‍ പൂര്‍ത്തിയാക്കി ദയാഹര്‍ജി തള്ളാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യും. ഡിസംബര്‍ 16 ന് സംഭവത്തിന്റെ ഏഴാം വാര്‍ഷികമാണ്. അന്ന് തന്നെ വധശിക്ഷ നടപ്പാക്കാനാണ് ഇപ്പോള്‍ ശ്രമം. ഇതിനായി തിഹാര്‍ ജയിലില്‍ തൂക്ക് മരത്തിന്റെ നവീകരണം അടക്കമുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Other News