ഡല്‍ഹിയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്നി ബാധ: രണ്ട് കുട്ടികള്‍ അടക്കം ആറു പേര്‍ മരിച്ചു


AUGUST 6, 2019, 11:16 AM IST

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഒരു ബഹുനില കെട്ടിടത്തിലുണ്ടായ തീ പിടുത്തത്തില്‍ രണ്ട് കുട്ടികള്‍ അടക്കം ആറു പേര്‍ മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീയില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയവരാണ് ഇതിലധികവും.തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ സാക്കിര്‍ നഗറിലെ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം അര്‍ധ രാത്രിയോടെയാണ് അഗ്‌നിബാധ ഉണ്ടായത്.

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്കു സമീപമാണ് ഈ കെട്ടിടം. അഗ്‌നിരക്ഷാ സേനയുടെ എട്ടു യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഇരുപത് പേരേയാണ് ഇവിടെ നിന്ന് രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിലെത്തിച്ചത്. ഇതില്‍ അഞ്ച് പേര്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു. ഒരാള്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റവരില്‍ ആറുപേരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഏഴെട്ട് കാറുകളും അഗ്‌നിക്കിരയായിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവാകുന്നതേയുള്ളു.

Other News