വികസിതരാഷ്ട്ര സിദ്ധാന്തവുമായി മോഡി


JULY 11, 2019, 3:31 PM IST

ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചതിന്റെ തൊട്ടുപിന്നാലെ ഇന്ത്യ എങ്ങനെയാകും 5 ട്രില്യണ്‍ ഡോളറിന്റെ ഒരു സമ്പദ്ഘടനയാകുകയെന്ന ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോഡി വരച്ചുകാട്ടി.

2024 ആകുമ്പോഴേക്കും ഇന്ത്യയെ 5 ട്രില്യന്‍ ഡോളറിന്റെ ഒരു സമ്പദ്ഘടനയാക്കി വളര്‍ത്തുകയെന്ന ലക്ഷ്യമാണ് ബജറ്റ് സര്‍ക്കാരിനുള്ളതെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തെ പിന്തുടര്‍ന്ന് മോഡി വാരണാസിയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ പറഞ്ഞു: 'ഇന്ത്യയ്ക്ക് ഈ ലക്ഷ്യം നേടുന്നതിനുള്ള ശേഷിയുണ്ടോ എന്ന് പലരും സംശയിക്കുന്നുണ്ട്. ഈ ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യയ്ക്കു പ്രയാസമായിരിക്കുമെന്നവര്‍ പറയുന്നു. അതിനുവേണ്ടത് ധൈര്യവും, പുതിയ അവസരങ്ങളും, വികസനത്തിന്റെ യാഗാഗ്നിയും, ഭാരതമാതാവിനോടുള്ള ഉറച്ച പ്രതിബദ്ധതയും പുതിയ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്‌നവുമാണ്. ഈ സ്വപ്‌നങ്ങളെല്ലാം 5 ട്രില്യണ്‍ ഡോളറിന്റെ സമ്പദ്ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു'.

ഇന്നത്തെ വികസിത രാഷ്ട്രങ്ങളും ഒരുകാലത്ത് വികസ്വര രാഷ്ട്രങ്ങളായിരുന്നുവെന്നു മോഡി ചൂണ്ടിക്കാട്ടി. ഈ  രാഷ്ട്രങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഒരു ഘട്ടത്തില്‍ അവരുടെ പ്രതിശീര്‍ഷ വരുമാനം വളരെ താഴ്ന്നതായിരുന്നു. എന്നാല്‍ ആ രാജ്യങ്ങളില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതിശീര്‍ഷ വരുമാനം വളരെ വേഗതയില്‍ വളര്‍ന്നു. ഈ സമയത്താണ് അവര്‍ വികസ്വര രാഷ്ട്രമെന്ന നിലയില്‍നിന്നും വികസിത രാഷ്ട്രമായത്.

'ഏതൊരു രാജ്യത്തെയും പ്രതിശീര്‍ഷ വരുമാനം ഉയരുമ്പോള്‍ ക്രയശേഷി വര്‍ദ്ധിക്കും.ക്രയശേഷി ഉയരുമ്പോള്‍ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ആവശ്യം വര്‍ദ്ധിക്കും. ആവശ്യം വര്‍ദ്ധിക്കുമ്പോള്‍ ഉല്‍പ്പാദനവും സേവനങ്ങളും വിപുലമാകും. പ്രതിശീര്‍ഷവരുമാനം ഉയരുമ്പോള്‍ കുടുംബങ്ങളിലെ സമ്പാദ്യം വര്‍ദ്ധിക്കും', മോഡി പറയുന്നു.

Other News