കേന്ദ്രഭരണ ലഡാക്കില്‍ ദേശീയ പതാക ഉയര്‍ത്തുന്ന ആദ്യ വ്യക്തിയായി ധോണി


AUGUST 15, 2019, 11:50 PM IST

ശ്രീനഗര്‍:ലഡാക്കില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ലെഫ്റ്റനെന്റ് കേണലുമായ എം എസ്  ധോണി. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷം നടക്കുന്ന  സ്വാതന്ത്ര്യദിനാഘോഷത്തില്‍ പതാക ഉയര്‍ത്തുന്ന ആദ്യ വ്യക്തിയാണ് ധോണി.

പതാക ഉയര്‍ത്തുന്നതിനായി കഴിഞ്ഞദിവസം ലേയില്‍ എത്തിയ ധോണിക്ക് ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്. പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്ത ധോണി ലഡാക്കിലെ ജനങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാനും മടിച്ചില്ല.സൈനികര്‍ക്കൊപ്പം അദ്ദേഹം ഏറെ നേരം ചെലവഴിച്ചു. നിലവില്‍ ദക്ഷിണ കാശ്‌മീരിലെ 106 ടിഎ ബറ്റാലിയനില്‍ സേവനം അനുഷ്‌ഠിക്കുകയാണ് ധോണി. ജൂലൈ 31നാണ് ധോണി ബറ്റാലിയനില്‍ എത്തിയത്. സ്വാതന്ത്ര്യ ദിന വേളയിൽ ധോണിയുടെ സേവനത്തിന് വിരാമമാകും.

ധോണി മറ്റ് സൈനികര്‍ക്ക് പ്രചോദനം നല്‍കുന്നുണ്ടെന്നും കടുത്ത പരിശീനങ്ങളോടും അദ്ദേഹം സഹകരിക്കുന്നുണ്ടെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ക്രിക്കറ്റില്‍ നിന്ന് ലീവെടുത്ത് സൈനിക പരിശീലനം നേടിയ ധോണിക്ക് ലോകമെമ്പാടും നിന്നും വൻ പ്രശംസയാണ് ലഭിച്ചത്.

Other News