ന്യൂദല്‍ഹി: ശശി തരൂരിനേയും അശോക് ഗെലോട്ടിനേയും എതിരിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നല്‍കി ദിഗ് വിജയ് സിങ്ങ്. അശോക് ഗെലോട്ട് എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാതെ പറ്റില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. പാര്‍ട്ടിയിലെ മുഖ്യ പ്രതിയോഗിയായ സച്ചിന്‍ പൈലറ്റ് ഗെലോട്ടിന് പകരം മുഖ്യമന്ത്രിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സിങ്ങിന്റെ പ്രതികരണം.
ഇരട്ടപദവിയില്‍ തുടരാനുള്ള ഗെലോട്ടിന്റെ നീക്കത്തില്‍ ദിഗ് വിജയ് സിങ്ങ് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു. 'ഒരാള്‍ക്ക് ഒരു പദവി' നയം കര്‍ശനമായി നടപ്പാക്കുമെന്ന് ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇരട്ട പദവിയല്ല മൂന്ന് പദവികള്‍ വഹിക്കുന്നതിലേ പ്രശ്നമുള്ളൂയെന്ന് ഗെലോട്ട് പറയുകയുണ്ടായി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാലും മുഖ്യമന്ത്രി പദം വിട്ടുകൊടുക്കില്ലെന്ന പരോക്ഷ സൂചനയാണ് ഗെലോട്ട് നല്‍കിയത്.
ഗെലോട്ടിന് ഒരേ സമയം കോണ്‍ഗ്രസ് അധ്യക്ഷനും രാജസ്ഥാന്‍ മുഖ്യമന്ത്രിയും ആയി തുടരാനാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ദിഗ് വിജയ് സിങ്ങ് ഉദയ്പൂര്‍ പ്രമേയം ചൂണ്ടിക്കാട്ടി. ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം തീര്‍ച്ചയായും രാജിവെയ്ക്കേണ്ടി വരുമെന്ന് സിങ് പറഞ്ഞു. താങ്കള്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നോ എന്ന ചോദ്യത്തിന് നമുക്ക് കാണാം എന്നായിരുന്നു മറുപടി. എല്ലാവര്‍ക്കും മത്സരിക്കാനുള്ള അവകാശമുണ്ടെന്നും നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസമായ സെപ്റ്റംബര്‍ 30ന് നിങ്ങള്‍ക്കിതിന്റെ ഉത്തരം ലഭിക്കുമെന്നും സിങ്ങ് എന്‍ ഡി ടി വിയോട് പ്രതികരിച്ചു. നെഹ്റു കുടുംബത്തില്‍ നിന്നും ആരും മത്സരിക്കാനില്ലാത്തതിനേക്കുറിച്ച് ആരാഞ്ഞപ്പോള്‍ അതൊരു വിഷയമേ അല്ല എന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി തിരിച്ചടിച്ചു.
ആഗ്രഹിക്കുന്ന ആര്‍ക്ക് വേണമെങ്കിലും മത്സരിക്കാമെന്നും ആര്‍ക്കെങ്കിലും മത്സരിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അവരെ സമ്മര്‍ദ്ദം ചെലുത്തി മത്സരിപ്പിക്കാനാകില്ലെന്നും സിങ്ങ്് പറഞ്ഞു.
പ്രസിഡന്റ് ആയില്ലെങ്കില്‍ രാഹുല്‍ ഗാന്ധി പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്‍കുന്ന ചുമതല ഏതായാലും അത് വഹിക്കുമെന്ന് സിങ്ങ് പറഞ്ഞു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ മുഖമായി തുടരുകയാണല്ലോ എന്ന ചോദ്യത്തിന് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടക്കുന്ന 119 യാത്രികരില്‍ ഒരാള്‍ മാത്രമാണ് അദ്ദേഹം എന്നായിരുന്നു ദിഗ് വിജയ് സിങ്ങിന്റെ മറുപടി.