മുജാഹിദ്ദീന്‍ ഭീകരരെ ഡിവൈഎസ്പി ഔദ്യോഗിക വസതിയില്‍ താമസിപ്പിച്ചു


JANUARY 14, 2020, 2:28 PM IST

ന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ഡിവൈഎസ്പി ദവീന്ദര്‍സിങ്ങ്, ഭീകരരെ ഔദ്യോഗിക വസതിയില്‍ പാര്‍പ്പിച്ചു. പിടിയിലാകുംമുമ്പ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരസംഘത്തിലെ പ്രമുഖ കമാന്‍ഡര്‍ സയീദ് നവീദ്  മുഷ്താഖും മറ്റ് രണ്ടു ഭീകരരും താമസിച്ചത് ശ്രീനഗറിലെ ബദാമി ബാഗ് കന്റോണ്‍മെന്റിലെ ദവീന്ദര്‍സിങ്ങിന്റെ വസതിയിലായിരുന്നു.  ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഘം ശനിയാഴ്ച അറസ്റ്റിലായത്.

ഷോപിയാനില്‍നിന്ന് പുറപ്പെട്ട വാഹനത്തില്‍ ഭീകരര്‍ ശ്രീനഗര്‍-ജമ്മു ദേശീയപാതയിലൂടെ സഞ്ചരിക്കുന്നുണ്ടെന്ന് ജില്ലാപൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.  വാഹനത്തില്‍നിന്നും ദവീന്ദറിന്റെ വീട്ടില്‍നിന്നും  എകെ -47 തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു. പിടിയിലായ മുഷ്താഖ് ഒക്ടോബറില്‍ കശ്മീരില്‍വച്ച് ബിഹാര്‍, ബംഗാള്‍  തൊഴിലാളികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്. ഇയാളും നേരത്തെ പൊലീസിലായിരുന്നു. പിന്നീട്  ജോലി ഉപേക്ഷിച്ച് ഭീകരസംഘടനയില്‍ ചേര്‍ന്നു.  ശ്രീനഗര്‍ വിമാനത്താവള സ്റ്റേഷനിലാണ് ദവീന്ദര്‍ പ്രവര്‍ത്തിച്ചിരുന്നത്.


ഉയരുന്നത് പുതിയ ചോദ്യങ്ങള്‍


ഡിവൈഎസ്പി ദവീന്ദര്‍സിങ് ഭീകരര്‍ക്കൊപ്പം പിടിയിലായതോടെ പാര്‍ലമെന്റ് ഭീകരാക്രമണം, പുല്‍വാമ ഭീകരാക്രമണം എന്നിവയെക്കുറിച്ച് പുതിയ ചോദ്യങ്ങള്‍ ഉയരുന്നു. ഭീകരരും സുരക്ഷാഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് അറസ്റ്റ്. 2001ലെ പാര്‍ലമെന്റ് ഭീകരാക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരു, ദവീന്ദര്‍സിങിന്റ ഭീകരബന്ധം വ്യക്തമാക്കുന്ന മൊഴിനല്‍കിയെങ്കിലും അന്വേഷണഏജന്‍സികള്‍ അവഗണിക്കുകയായിരുന്നു.

Other News