കോര്‍പറേറ്റുകള്‍ക്ക് ഇളവും സാധാരണക്കാര്‍ക്ക് ചെലവും, പ്രവാസികള്‍ക്ക് ഇന്ത്യന്‍ ഓഹരികളില്‍ പരിധിയില്ലാത്ത പ്രവേശനം - നിര്‍മ്മല സീതാരാമന്റെ ബജറ്റ് വിശേഷങ്ങള്‍


JULY 5, 2019, 4:05 PM IST

ന്യൂഡല്‍ഹി: രണ്ടാമത്തെ മോഡി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് കോര്‍പറേറ്റ് നികുതി രംഗത്ത് ഇളവുകള്‍ വരുത്തി സാധാരണക്കാരന് മേല്‍ ഭാരം നല്‍കുന്നതായി. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ കോര്‍പ്പറേറ്റ് നികുതിയുടെ പരിധി 250 കോടിയില്‍നിന്ന് 400 കോടിയായി വര്‍ധിപ്പിച്ചു. 25 ശതമാനമാണ് കോര്‍പ്പറേറ്റ് നികുതി.

അതേസമയം ഭവനവായ്പയുടെ പലിശയിന്മേല്‍ നിലവിലുള്ള രണ്ടു ലക്ഷം രൂപയുടെ ആദായ നികുതിയിളവില്‍ 1.5 ലക്ഷം രൂപ വര്‍ധിപ്പിച്ചതാണ് സാധാരണക്കാരന് ലഭിക്കുന്ന ഇളവ്.അതായത് നിലവില്‍ ഭവനവായ്പ പലിശയിന്മേല്‍ 3.5 ലക്ഷം രൂപയുടെ നികുതി ഇളവ് ലഭിക്കും. 45 ലക്ഷം വരെ മൂല്യമുള്ള വീടുകള്‍ക്കാണ് ഇത് ബാധകം. 2020 മാര്‍ച്ച് 31വരെമാത്രമാണ് ഇതിന്റെ കാലാവധി.ഇതിനുപുറമെ 2024 ഓടെ എല്ലാവീട്ടിലും കുടിവെള്ളമെത്തിക്കുമെന്നും 1.95 കോടി വീടുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്നും പ്രഖ്യാപനമുണ്ട്.

 ഇതൊഴിച്ചാല്‍ സാധാരണക്കാരന് എടുത്തുപറയത്തക്കനേട്ടമൊന്നും ബജറ്റ് നല്‍കുന്നില്ല. മറിച്ച് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച് കൂടുതല്‍ ഭാരം നല്‍കുകയും ചെയ്തു. പെട്രോളിനും ഡീസലിനും ലിറ്ററിന് ബജറ്റില്‍ ഒരു രൂപ സെസും ഒരു രൂപ തീരുവയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടുരൂപ കൂടും. സ്വര്‍ണത്തിനും രത്‌നത്തിനും കസ്റ്റംസ് തീരുവ നിലവിലുള്ള 10 ശതമാനത്തില്‍നിന്ന് 12.5 ശതമാനമാക്കി വര്‍ധിപ്പിച്ചു. ഇതോടെ സ്വര്‍ണത്തിന് പവന് 650 രൂപയോളം വര്‍ധിക്കും. ആധായനികുതി സ്ലാബില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. 

പൊതുമേഖലാ ബാങ്കുകള്‍ 70,000 കോടി രൂപ വായ്പനല്‍കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മൊത്തവളര്‍ച്ച ലക്ഷ്യമിട്ട് നിക്ഷേപസാധ്യത വര്‍ധിപ്പിക്കാനാണ് ധനമന്ത്രി ബജറ്റിലൂടെ ശ്രമിച്ചതെന്ന് വ്യക്തം. ചെറുകിട കച്ചവടക്കാര്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സിംഗിള്‍ ബ്രാന്റഡ് ചില്ലറ മേഖലയില്‍ വിദേശനിക്ഷേപത്തിനുള്ള പ്രദേശിക മാനദണ്ഢങ്ങള്‍ ലഘൂകരിക്കുക, എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം എന്നിവ ഉടന്‍ നടപ്പിലാക്കാനുള്ള നിര്‍ദ്ദേശവും നിക്ഷേപസാധ്യത ഉയര്‍ത്താനുള്ള നീക്കമാണ്.

ഇന്ത്യന്‍ ഓഹരവിപണിയില്‍ പരിധിയില്ലാത്ത പ്രവേശനം സാധ്യമാക്കും എന്‍.ആര്‍.ഐ നിക്ഷേപവും വിദേശനിക്ഷേപവും ലയിപ്പിക്കും,പാസ്‌പോര്‍ട്ടുള്ള എന്‍.ആര്‍ഐയ്ക്കാര്‍ക്ക് ആധാര്‍ നല്‍കും എന്നിവയാണ് പ്രവാസികള്‍ക്കുള്ള പദ്ധതികള്‍. 

അടിസ്ഥാന സൗകര്യമേഖലയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സാങ്കേതിക മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനാണ് രാജ്യം തയ്യാറെടുക്കുന്നത്. നിര്‍മാണ മേഖലയില്‍ ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ബജറ്റില്‍ നികുതി ഇളവ് പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് വായ്പയെടുത്തവര്‍ക്ക് 1.5 ലക്ഷം രൂപ ആദായ നികുതിയില്‍ ഇളവ് ലഭിക്കും. 

ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തില്‍നിന്ന് 5 ശതമാനമാക്കി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സിലിന് നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളിലേയ്ക്കുള്ള രാജ്യത്തിന്റെ പരിണാമം വേഗത്തിലാക്കാന്‍ ഇത് സഹായിക്കുമെന്ന് അവര്‍ വ്യക്തമാക്കി. 2030ഓടെ രാജ്യത്തെ ആകെ വാഹനങ്ങളില്‍ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Other News