ഇന്ത്യയില്‍ നാലുലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍; യു പി മുന്നില്‍


JULY 24, 2019, 2:52 PM IST

ക്രമേണയാണെങ്കിലും ഇലക്ട്രിക്ക് വാഹനങ്ങള്‍ ഇന്ത്യയില്‍ വ്യാപകമാകുകയാണ്. 2024 ആകുമ്പോഴേക്കും ഇന്ത്യയില്‍ ആകെയുള്ള വാഹനങ്ങളുട 15 % ഇലക്ട്രിക്ക് വാഹനങ്ങളാക്കുകയെന്ന വലിയ ലക്ഷ്യമാണ് നരേന്ദ്ര മോഡി ഗവണ്മെന്റ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ട്രാന്‍സ്പോര്‍ട് മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലിപ്പോള്‍ രജിസ്റ്റര്‍ ചെയ്ത നാലുലക്ഷത്തോളം ഇലക്ട്രിക്ക് വാഹനങ്ങളുണ്ട്.

ഇലക്ട്രിക്ക് വാഹനങ്ങളുടെ  മത്സരത്തില്‍ 139,000 എണ്ണവുമായി യുപിയാണ് മുന്നില്‍.രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 76,000  ഇ-വാഹനങ്ങളുണ്ട്. കര്‍ണ്ണാടക മൂന്നാം സ്ഥാനത്തും മഹാരാഷ്ട്ര നാലാം സ്ഥാനത്തുമാണ്. 15,192 ഇ-വാഹനങ്ങളുമായി അസം വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെ മാത്രമല്ല, മറ്റു പല സംസ്ഥാനങ്ങളുടെയും മുന്നില്‍ നില്‍ക്കുന്നുവെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. ഇ-വാഹനങ്ങളിലേറെയും ഇ-റിക്ഷകളും ഇ-കാര്‍ട്ടുകളുമാണ്. 2015 ല്‍ പാസാക്കിയ നിയമ പ്രകാരം അവക്കും മോട്ടോര്‍ വാഹനങ്ങളുടെ പദവി ലഭിച്ചു. രജിസ്ട്രേഷനൊന്നുമില്ലാതെ ധാരാളം ഇ-റിക്ഷകള്‍ ഓടുന്നതിനാല്‍ ഇ-വാഹനങ്ങളുടെ എണ്ണം കൂടാനാണ് സാധ്യത.

Read this ...ഇ-വാഹന സ്റ്റാര്‍ട്ടപ്പ് സ്മാര്‍ട്ട്-ഇക്ക് ജപ്പാനില്‍ നിന്നും 100 കോടി നിക്ഷേപം

ജൈവ ഇന്ധനങ്ങളെ അപേക്ഷിച്ചു ലാഭകരവും പരിസ്ഥിതി മലിനീകരണമില്ലാത്തതും തദ്ദേശീയമായിത്തന്നെ ഊര്‍ജ്ജം ലഭിക്കുന്നതുമായ വാഹനങ്ങളാണ് ഇ-വാഹനങ്ങളെന്നു ട്രാന്‍സ്പോര്‍ട് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. മുനിസിപ്പല്‍ മാലിന്യങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ബയോമാസ്സില്‍ നിന്നുമാണ് എത്തനോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. അതിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ലിറ്ററിന് 59 രൂപക്ക് വില്‍ക്കുന്നതിനുമുള്ള ഒരു നയം ഗവണ്മെന്റ് ആവിഷ്‌ക്കരിക്കുമെന്നു അദ്ദേഹം പറഞ്ഞു.

2018  ഒക്ടോബറില്‍ ബാറ്ററി ഉപയോഗിച്ചോടുന്ന വാണിജ്യ വാഹനങ്ങള്‍ക്കും എത്തനോള്‍, മെഥനോള്‍ എന്നിവ ഉപയോഗിച്ചോടുന്ന വാഹനങ്ങള്‍ക്കും ഗവണ്മെന്റ് നികുതിയിളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങുന്നതിനായി എടുക്കുന്ന വായ്പകള്‍ക്ക് 1.5 ലക്ഷം രൂപവരെ പലിശയിളവും പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ലിഥിയം അയോണ്‍ ബാറ്ററികള്‍ക്ക് വില കുറക്കുന്നതിനായി കസ്റ്റംസ് നികുതിയും ധനമന്ത്രി ഒഴിവാക്കിയിരുന്നു.

Other News