അനധികൃത സ്വത്ത്:കർണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ അറസ്റ്റിൽ


SEPTEMBER 3, 2019, 9:47 PM IST

ന്യൂഡൽഹി:അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടകയിലെ  പ്രമുഖ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി കെ ശിവകുമാർ അറസ്റ്റിൽ. എൻഫോഴ്‍സ്മെന്റ് ഡയറക്‌ടറേറ്റാ(ഇ ഡി)ണ് ശിവകുമാറിനെ അറസ്റ്റ് ചെയ്‌തത്. തുട‍രെ നാലുദിവസം ഡൽഹി ആസ്ഥാനത്ത് ചോദ്യംചെയ്‌തതിനു ശേഷമാണ് ശിവകുമാറിനെ ഇ ഡി അറസ്റ്റ് രേഖപ്പെടുത്തിയത്.കർണാടകത്തിൽ ജെ ഡി എസ് - കോൺഗ്രസ് സഖ്യത്തിന്‍റെ പ്രധാന സൂത്രധാരൻമാരിൽ ഒരാളായ ഡി കെ ശിവകുമാർ കർണാടക പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന സൂചനകൾക്കിടെയാണ് അറസ്റ്റിലായത്. 

മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന് പിന്നാലെയാണ് ശിവകുമാർ  അഴിമതിക്കേസിൽ അറസ്റ്റിലാവുന്നത്. തുടർച്ചയായി നേതാക്കൾ അറസ്റ്റിലാകുന്ന സാഹചര്യം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ചോദ്യം ചെയ്യലുമായി ശിവകുമാർ സഹകരിക്കുന്നില്ലെന്നാണ് ഇ ഡി പറയുന്നത്. ചോദ്യങ്ങൾക്ക് ശിവകുമാർ നൽകിയ ഉത്തരങ്ങൾ തൃപ്‌തികരമല്ലെന്നും ഇഡി അറിയിച്ചു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. 

നേരത്തേ ഇ ഡിയുടെ സമൻസ് ചോദ്യം ചെയ്‌തു ശിവകുമാർ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു.പിന്നാലെ എൻഫോഴ്‍സ്മെന്‍റ് വീണ്ടും ശിവകുമാറിന് ഹാജരാകാൻ നോട്ടീസ് നൽകുകയായിരുന്നു. ഇതേത്തുടർന്ന് ന്യൂഡൽഹിയിലെത്തിയ ശിവകുമാർ തനിക്കെതിരെ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ചിരുന്നു. ഗണേശചതുർത്ഥിയായിരുന്ന തിങ്കളാഴ്‌ചയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെത്തുടർന്ന് ശിവകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായിരുന്നു.

`

2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ഡൽഹിയിലെ  ഉൾപ്പെടെ വസതികളിൽ  നിന്നും അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. എട്ട് കോടി രൂപയാണ് അന്ന് പിടിച്ചത്. തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. 

ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അറസ്റ്റെന്ന് അധികൃതർ പറയുന്നു.

ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്‌തു പുറത്തിറക്കിയപ്പോൾ വലിയ പ്രതിഷേധം അരങ്ങേറി. ശിവകുമാറിനെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകവെ എൻഫോഴ്‍സ്മെന്റ് വാഹനത്തെ  വളഞ്ഞ കോൺഗ്രസ് പ്രവർത്തകർ കാർ തടഞ്ഞു. വലിയ രീതിയിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 

ഏറെ ബുദ്ധിമുട്ടിയാണ് എൻഫോഴ്‍സ്മെന്‍റ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ വാഹനത്തിന് അടുത്തെത്തിച്ചത്. പ്രവർത്തകരോട് ശാന്തരാകാൻ ആവശ്യപ്പെട്ട ശിവകുമാർ കാറിന് മുകളിൽ കയറി പ്രവർത്തകരെ അഭിവാദ്യം ചെയ്തു.

ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്. നിയമപോരാട്ടം വിജയിക്കും. തന്നെ അറസ്റ്റ് ചെയ്യിപ്പിക്കാനുള്ള ഉദ്യമത്തിൽ വിജയിച്ച ബി ജെ പി സുഹൃത്തുക്കൾക്ക് അഭിനന്ദനം- എന്നായിരുന്നു അറസ്റ്റിന് ശേഷം ശിവകുമാറിന്‍റെ പ്രതികരണം.

കഴിഞ്ഞമാസം 21-ന് രാത്രി  പി ചിദംബരത്തിന്‍റെ വസതിയിലുണ്ടായ നാടകീയ സംഭവങ്ങൾക്ക് സമാനമായ തരത്തിലുള്ള സംഭവങ്ങളാണ് ഇവിടെയും നടന്നത്. 

Other News