കോവിഡിനെതിരെ വ്യാപകമായി ഹോമിയോ മരുന്ന് വിതരണം ചെയ്യുന്നതിനെതിരെ വിദഗ്ധര്‍


MAY 22, 2020, 8:19 PM IST

 മുംബൈ: പരീക്ഷണങ്ങളോ നിരീക്ഷണങ്ങളോ ഇല്ലാതെ വലിയ തോതില്‍ ആളുകള്‍ക്കിടയില്‍ മരുന്ന് വിതരണം ചെയ്താല്‍ തെറ്റിദ്ധാരണയ്ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. കോവിഡ് അസുഖബാധയ്ക്ക് ഹോമിയോപ്പതി മരുന്നുകള്‍ ശുപാര്‍ശ ചെയ്ത ആയുഷ് മന്ത്രാലയത്തിന്റെ നീക്കങ്ങളെ കുറിച്ചാണ് വിദഗ്ധര്‍ ആശങ്കപ്പെടുന്നത്. ബോറിവാലിയില്‍ നിന്നുള്ള ഒരു കോര്‍പ്പറേറ്ററായ റിധി ഖുര്‍സാംഗെ 10,000 കുപ്പി ആഴ്‌സണികം ആല്‍ബം 30 ആണ് വിതരണം ചെയ്തത്. ഘട്‌കോപറില്‍ നിന്നുള്ള മറ്റൊരു കോര്‍പ്പറേറ്റര്‍ പ്രവീണ്‍ ചേഡയാകട്ടെ 25,000 കുപ്പികളാണ് മരുന്ന് വാങ്ങിയത്. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 7,100ലധികം കുപ്പികളാണ് വിതരണം ചെയ്തത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് നല്‍കുന്ന മരുന്ന് കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാനാവുമോ എന്ന കാര്യത്തില്‍ തെളിവുകളൊന്നുമില്ല. എന്നിട്ടും ഇതിന് ആവശ്യക്കാര്‍ വര്‍ധിക്കുന്നത് ആരോഗ്യ വിദഗ്ധരെ ആശങ്കപ്പെടുത്തുന്നുണ്ട്. റിധി കുര്‍സാംഗെ ഇതിനകം പതിനായിരം കുപ്പി മരുന്നിന് കൂടി ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഒരു കുപ്പി മരുന്നിന് 12 രൂപയാണ് കുര്‍സാംഗെ വാങ്ങുന്നത്. താന്‍ നേരത്തെ ഹോമിയോ ഡോക്ടര്‍മാരുമായി സംസാരിച്ചതിന് ശേഷമാണ് ഇത്രയധികം മരുന്ന് വിതരണത്തിന് തയ്യാറായതെന്നും അവര്‍ പറയുന്നു. ഒരു കുപ്പിയില്‍ 90 ചെറിയ ഗുളികകളാണ് സാധാരണയായി ഉണ്ടാവുക. ഒരു കുടുംബത്തിന് ഏതാനും മാസങ്ങള്‍ക്ക് ഈ ഗുളിക മതിയാകും. മരുന്നിനെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് ശേഷമായിരിക്കാം ആയുഷ് മന്ത്രാലയം മരുന്ന് ശിപാര്‍ശ ചെയ്തതെന്നാണ് ചേഡ പറയുന്നത്. മാത്രമല്ല മുനിസിപ്പല്‍ കോര്‍പറേഷനും മരുന്ന് വിതരണത്തിന് അംഗീകാരം നല്കിയിട്ടുണ്ട്. ഒരുലക്ഷം കുപ്പികള്‍ വിതരണം ചെയ്യാനാണ് ചേഡയുടെ ലക്ഷ്യം. തന്റെ കുടുംബാംഗങ്ങളും മൂന്നുദിവസത്തെ ഡോസ് കഴിച്ചതായി ചേഡ വിശദീകരിക്കുന്നു. ആയുഷ് മന്ത്രാലയം മാര്‍ച്ച് ആറിനാണ് ഈ മരുന്ന് ശിപാര്‍ശ ചെയ്തത്. തുടര്‍ന്ന് മാര്‍ച്ച് എട്ടിന് ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലുള്‍പ്പെടെ 20 ലക്ഷം പേര്‍ക്ക് മരുന്ന് ലഭിക്കാനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തു. വ്യാപകമായ രീതിയില്‍ മരുന്ന് വിതരണം ചെയ്യുന്നതിനെ ആരോഗ്യ രംഗത്തുള്ള പലരും അംഗീകരിക്കുന്നില്ല. നേരത്തെ എച്ച് 1 എന്‍ 1 ഉണ്ടായ സമയത്ത് ആര്‍സ് ആല്‍ബ് എന്ന പേരിലുണ്ടായിരുന്ന ഈ മരുന്ന് ഗുണകരമായിരുന്നെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ അതെത്രമാത്രം ഉപകാരപ്പെടുമെന്ന കാര്യത്തില്‍ പഠനങ്ങളൊന്നും നടന്നിട്ടില്ല. ആഗ്രയിലെ 44 കോവിഡ് രോഗികളില്‍ നടത്തിയ പരിശോധനയില്‍ ബ്രയോണിയ ആല്‍ബ എന്ന ഹോമിയോപ്പതി മരുന്നാണ് ആര്‍സ് ആല്‍ബിയയേക്കാള്‍ പ്രയോജനകരമെന്ന് കണ്ടെത്തിയിട്ടുണ്ട്. മരുന്നിന്റെ ഉപയോഗത്തെ തുടര്‍ന്നുള്ള ഫലമെങ്ങനെയെന്ന് പഠിക്കാതെ വ്യാപകമായി വിതരണം ചെയ്യുന്നത് പലരും അംഗീകരിക്കുന്നില്ല.

Other News