'ഫെയര്‍ ആന്‍ഡ് ലൗലി'യില്‍നിന്ന് 'ഗ്ലോ ആന്‍ഡ് ഹാന്‍ഡ്‌സം'; പേരിനെതിരെ വ്യാപക വിമര്‍ശനം


JULY 3, 2020, 8:19 PM IST

ന്യൂഡല്‍ഹി: മുഖസൗന്ദര്യ ക്രീമായ 'ഫെയര്‍ ആന്‍ഡ് ലൗലി'യില്‍നിന്ന് 'ഫെയര്‍' ഒഴിവാക്കിയ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് പുരുഷന്മാരുടെ ക്രീമിന് നല്‍കിയ പുതിയ പേരിനെതിരെ വ്യാപക വിമര്‍ശനം. പുരുഷന്മാരുടെ മുഖസൗന്ദര്യ ക്രീമുകള്‍ 'ഗ്ലോ ആന്‍ഡ് ഹാന്‍ഡ്‌സം' എന്ന പേരില്‍ പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചതോടെയാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനം രൂക്ഷമായിരിക്കുന്നത്. പുതിയ പേരും വര്‍ണ, വംശീയ ചിന്തകളെയാണ് ഊട്ടിയുറപ്പിക്കുന്നതെന്നാണ് വിമര്‍ശനം. 

തൊലിനിറം വെളുപ്പിക്കാന്‍ ക്രീം സഹായകമെന്ന കമ്പനിയുടെ അവകാശവാദത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു 'ഫെയര്‍ ആന്‍ഡ് ലൗലി'യില്‍നിന്നും 'ഫെയര്‍' ഒഴിവാക്കിയത്. അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടതിനുപിന്നാലെ ലോകമാകെ വംശീയനീതിക്കായുള്ള പ്രക്ഷോഭം അരങ്ങേറുന്നതിനിടെ കറുത്തനിറം മാറ്റി വെളുത്ത നിറം നല്‍കുമെന്ന കമ്പനി പരസ്യവും വിമര്‍ശിക്കപ്പെട്ടിരുന്നു. തുടര്‍ന്നായിരുന്ന് പേരില്‍ മാറ്റം കൊണ്ടുവന്നത്. എന്നാല്‍ പുരുഷന്മാരുടെ ക്രീമിന്റെ പുതിയ പേരും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന് തിരിച്ചടിയായിരിക്കുകയാണ്.

Other News