ട്രാക്ടര്‍ റാലി ഇന്ന്; പോലീസ് നിരോധിച്ച റൂട്ടിലും കയറുമെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി


JANUARY 26, 2021, 5:48 AM IST

ന്യൂഡല്‍ഹി: കര്‍ഷകര്‍ പ്രഖ്യാപിച്ച റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലിയില്‍ പ്രധാന പങ്കാളികളിലൊരാളായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി, സംയുക്ത് കിസാന്‍ മോര്‍ച്ചയും പോലീസും സമ്മതിച്ച വഴിയില്‍ മാത്രം ഉറച്ചുനില്‍ക്കില്ലെന്ന് പ്രഖ്യാപിച്ചു.അവരുടെ പരേഡ്, ദില്ലിയിലെ ഔട്ടര്‍ റിംഗ് റോഡിനെ സമീപിക്കുമെന്നും സംഘം പറഞ്ഞു. കര്‍ഷകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അതിര്‍ത്തിയിലെ മൂന്ന് പ്രധാന സ്ഥലങ്ങളില്‍ മാത്രമായി റാലികള്‍ പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ലംഘിക്കപ്പെടുന്നതോടെ പൊലീസുമായി സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ട്. ദില്ലി അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷകര്‍ കേന്ദ്രത്തിന്റെ വിവാദപരമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം രണ്ടുമാസം പൂര്‍ത്തിയാക്കിയതിനോട് അനുബന്ധിച്ചുകൂടിയാണ് റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി.  ഫെബ്രുവരി ഒന്നിന് ബജറ്റ് ദിനത്തില്‍ കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് കാല്‍നടയാത്ര നടത്താനും തീരുമാനിച്ചിട്ടുണ്ട്.

രാജ്പാത്തില്‍ സായുധ സേനയുടെ പരമ്പരാഗത പരേഡിന് ശേഷം രാവിലെ 10 ന് ആരംഭിക്കുന്ന റാലിക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദില്ലിയിലെ മൂന്ന് ഭാഗങ്ങളില്‍ റിംഗ് റോഡിലൂടെ നടക്കും. റിപ്പബ്ലിക് ദിന പരേഡ് അവസാനിക്കുന്നതിനുമുമ്പ് റാലിക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന് പോലീസ് പറഞ്ഞു.

അതേ സമയം റാലി നടത്തുന്നവര്‍ക്കിടയില്‍ ദേശ വിരുദ്ധര്‍ കടന്നുകൂടിയെന്ന് പോലീസ് ആരോപിച്ചു. അവര്‍ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും കിസാന്‍ റാലി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ വളരെ കുറവാണെന്നും ദില്ലി പോലീസ് മേധാവി എസ്എന്‍ ശ്രീവാസ്തവ് പറഞ്ഞു. ചിലരെ കര്‍ഷകര്‍ തന്നെ കണ്ടെത്തിയിട്ടുണ്ട.് സിങ്കു അതിര്‍ത്തിയിലെ കര്‍ഷകര്‍ വെള്ളിയാഴ്ച ഒരു യുവാവിനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ട്രാക്ടര്‍ റാലി തടസ്സപ്പെടുത്തുന്നതിനും പ്രതിഷേധം തകര്‍ക്കുന്നതിനും ഒരു പോലീസുകാരനാണ് പരിശീലനം നല്‍കിയതെന്ന് ഇയാള്‍ അവകാശപ്പെട്ടു.

Other News