പ്രക്ഷോഭം തുടരുമെന്ന് കര്‍ഷക സംഘടനകള്‍


JANUARY 12, 2021, 10:37 PM IST

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ താല്‍ക്കാലിക സ്റ്റേ പ്രഖ്യാപിച്ച സുപ്രിം കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് അവിക് സാഹ അറിയിച്ചു. കോടതി ഉത്തരവിന്റെ  ഔദ്യോഗിക രേഖകള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ താത്ക്കാലിക സ്റ്റേ പരിഹാരമായി കാണുന്നില്ലെന്നും അത്തരമൊരു പരിഹാരം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ നിയമം നടപ്പാക്കാനുള്ള തീരുമാനം ഏതു നിമിഷം വേണമെങ്കിലും സര്‍ക്കാരിന് നടപ്പിലാക്കാവുന്നതേയുള്ളൂ. സര്‍ക്കാര്‍ ഈ നിയമം പൂര്‍ണ്ണമായും പിന്‍വലിക്കണം എന്നാണ് ആവശ്യം. രാജ്യത്തെ ജനങ്ങളും കര്‍ഷകരും ഈ നിയമത്തെ പൂര്‍ണ്ണമായി എതിര്‍ക്കുകയാണ് എന്ന് സര്‍ക്കാര്‍ മനസ്സിലാക്കേണ്ടതുണ്ട്. കര്‍ഷക സംഘടനകള്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്മേല്‍ സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടല്ല പ്രക്ഷോഭം നടത്തുന്നതെന്നും അവ റദ്ദു ചെയ്യുന്നതിന് വേണ്ടിയാണെന്നും വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ പ്രതിഷേധം തുടരുവാന്‍ തന്നെയാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. 

കോടതി നിശ്ചയിച്ച കമ്മിറ്റിയുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും പ്രക്ഷോഭത്തിലിരിക്കുന്ന സംഘടനകള്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന കാര്യവും ഉറപ്പിച്ചുപറയാന്‍ കര്‍ഷക സംഘടനകള്‍ ആഗ്രഹിക്കുന്നു. സുപ്രിം കോടതി രൂപീകരിച്ച കമ്മറ്റിയുടെ കാര്യത്തില്‍ കോടതിയെ ചില ആളുകള്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന് പറയേണ്ടതുണ്ട്. സുപ്രിം കോടതി നിയോഗിച്ച കമ്മിറ്റിയിലെ നാലംഗങ്ങളും കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളെയും പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നവരാണ്. 

പുത്തന്‍ കാര്‍ഷിക നയങ്ങളെ എല്ലാ തലത്തിലും പിന്തുണയ്ക്കുന്ന നാലുപേരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു കമ്മിറ്റി പ്രക്ഷോഭത്തിലിരിക്കുന്ന കര്‍ഷകര്‍ ഉന്നയിക്കുന്ന വിഷയത്തെക്കുറിച്ച് പഠിച്ച്  സുപ്രിം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം എന്ന് പറയുന്നതിലെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ല. ഇത്തരമൊരു കമ്മിറ്റിയുമായി സഹകരിക്കുവാന്‍ കര്‍ഷകര്‍ക്ക് യാതൊരു താല്‍പര്യവുമില്ലെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുവാന്‍ ആഗ്രഹിക്കുന്നു. പുത്തന്‍ കാര്‍ഷിക നിയമങ്ങള്‍ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റ് നിയന്ത്രണത്തിലേക്ക് എത്തിക്കുമെന്നും കര്‍ഷകരെ നിത്യദുരിതത്തിലാഴ്ത്തുമെന്നും വളരെ വിശദമായി തന്നെ കേന്ദ്ര സര്‍ക്കാരിനെ എഴുതി അറിയിച്ചിട്ടുണ്ടെന്നും കര്‍ഷക മോര്‍ച്ച നേതാവ് പറഞ്ഞു. 

നിലവില്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങളെ സംബന്ധിച്ചോ പ്രക്ഷോഭകരെ അവിടെ നിന്ന് ഒഴിപ്പിക്കുന്നതു സംബന്ധിച്ചോ സുപ്രിം കോടതി യാതൊരു ഉത്തരവും ഇറക്കിയിട്ടില്ല എന്നത് സുയുക്ത കിസാന്‍ മോര്‍ച്ച ശ്രദ്ധിക്കുകയുണ്ടായി. അത്തരത്തില്‍ യാതൊരു പരാമര്‍ശവും നടത്താത്ത കോടതി നടപടിയെ സ്വാഗതം ചെയ്യുന്നു. ജനുവരി 26ന് കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തുന്ന റിപ്പബ്ലിക് ദിന പരേഡ് നിരോധിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ ഉന്നയിക്കുകയുണ്ടായി. ജനുവരി 26ന് ഇന്ത്യയിലെ എല്ലാ തലസ്ഥാന നഗരികളിലെയും ഔദ്യോഗിക റിപ്പബ്ലിക് ദിന പരേഡിന് ശേഷം കര്‍ഷക പരേഡ് നടത്തണമെന്ന തീരുമാനം കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത് ജനുവരി രണ്ടാം തിയ്യതിയായിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തോടും ഭരണഘടനയോടും അതിന്റെ മൂല്യങ്ങളോടും രാജ്യത്തെ കര്‍ഷകര്‍ക്ക് അങ്ങേയറ്റത്തെ ആദരവും ബഹുമാനവും ഉണ്ട്. രാജ്യത്തെ പൗരന്മാരെന്ന നിലയില്‍ റിപ്പബ്ലിക് ദിന പരേഡ് നടത്താന്‍ കര്‍ഷകര്‍ക്ക് പൂര്‍ണ്ണ അധികാരവും ഉണ്ട്. ദൗര്‍ഭാഗ്യവശാല്‍ കേന്ദ്ര ഗവണ്‍മെന്റ് കര്‍ഷക പരേഡിനെ തെറ്റായി വ്യാഖ്യാനിക്കുകയും അത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുമെന്ന് കോടതിയില്‍ വ്യാഖ്യാനിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ആവശ്യത്തെ സംബന്ധിച്ച് കോടതി യാതൊരു പരാമര്‍ശവും നടത്തിയില്ല എന്നത് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഈ രാജ്യത്തെ പൗരന്മാരെന്ന നിലയില്‍ റിപ്പബ്ലിക് ദിന പരേഡ് നടത്താനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജനുവരി 26ന് പരേഡ് നടത്തുവാന്‍ തന്നെയാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്.

കാര്‍ഷിക നിയമങ്ങള്‍ പഠിക്കാന്‍ സുപ്രിം കോടതി നിയോഗിച്ച സമിതിയില്‍ തൃപ്തിയില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്നതാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യം. നിയമങ്ങള്‍ പാസാക്കിയ പാര്‍ലമെന്റ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Other News