ജനുവരി 30 ന് നിരാഹാര സത്യാഗ്രഹം; സര്‍ക്കാര്‍ ഗൂഢാലോചന പുറത്തുവിടും: സംയുക്ത കിസാന്‍ മോര്‍ച്ച


JANUARY 27, 2021, 10:01 PM IST

ന്യൂഡല്‍ഹി: ജനുവരി മുപ്പതിന് നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. ചെങ്കോട്ട സംഭവത്തില്‍ പശ്ചാത്തപിക്കുന്നുവെന്നും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും കിസാന്‍ മോര്‍ച്ച അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ പുറത്തുവിടും സംഘം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാര്‍ അവരുടെ ഏജന്റുമാരെ ഉപയോഗിച്ച് പ്രക്ഷോഭത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു. അനുമതി നല്‍കിയ സഞ്ചാരപാതയില്‍ പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തു. കേന്ദ്രം അവരുടെ സുഹൃത്തുക്കളായ നടന്‍ ദീപ് സിദ്ദുവിനെയും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയെയും സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിച്ചു. ദീപ് സിദ്ദുവിനെ ബഹിഷ്‌ക്കരിക്കുമെന്നും കര്‍ഷക സംഘടന കൂട്ടിച്ചേര്‍ത്തു.

ചെങ്കോട്ടയിലേക്ക് വഴിയൊരുക്കിയത് പൊലീസാണ്. ചെങ്കോട്ടയിലെ സംഭവങ്ങള്‍ക്ക് ഉത്തരവാദി പൊലീസാണ്. പ്രക്ഷോഭ മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ പ്രക്ഷോഭം തുടരുമെന്നും കിസാന്‍ മോര്‍ച്ച പറഞ്ഞു.

Other News