കര്‍ഷക സമരം നൂറാം ദിവസത്തിലേക്ക്


MARCH 5, 2021, 7:56 AM IST

ന്യൂഡല്‍ഹി: ഇന്ത്യയിലെ കര്‍ഷക സമരത്തിന് നാളെ നൂറുദിനം തികയുന്നു. ഈ ദിവസത്തിനിടയില്‍ തണുപ്പ് സഹിക്കാനാകാതെ 108 പേരാണ് മരിച്ചതെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കണക്കുകള്‍. 

നവംബര്‍ 27നാണ് ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക പ്രക്ഷോഭം ആരംഭിച്ചത്. ജനുവരി 26 വരെ സര്‍ക്കാരും കര്‍ഷക സമരക്കാരും തമ്മില്‍ 11 ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. ജനുവരി 26ന് ശേഷം ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 

സംസ്ഥാനങ്ങളില്‍ മഹാപഞ്ചായത്തുകള്‍ വിളിച്ചുകൂട്ടി സമരത്തിനുള്ള പിന്തുണ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. സമര കേന്ദ്രങ്ങളിലേക്ക് പ്രതിദിനം സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് എത്തിച്ചേരുന്നത്. നൂറാം ദിവസത്തിന്റെ ഭാഗമായി നാളെ മനേസര്‍ എക്‌സ്പ്രസ് പാത ഉപരോധത്തിനാണ് സംയുക്ത കിസാന്‍ മോര്‍ച്ച തയ്യാറെടുക്കുന്നത്. വനിതാ ദിനമായ മാര്‍ച്ച് എട്ടിന് മഹിളാ മഹാപഞ്ചായത്ത് നടക്കും. 

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കേന്ദ്ര സര്‍ക്കാറിനും ബി ജെ പിക്കുമെതിരെ പ്രചാരണം നടത്താനുള്ള തീരുമാനത്തിലാണ് കര്‍ഷകര്‍.

Other News