ചികിത്സയ്ക്ക് പണമില്ല;അഞ്ച് വയസുകാരനെ പിതാവ്  സുഹൃത്തിന് ക്വട്ടേഷന്‍ കൊടുത്ത് കൊന്നു


JULY 20, 2019, 4:56 AM IST

ബെംഗളൂരു: ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ രോഗിയായ മകനെ പിതാവ് ക്വട്ടേഷൻ നൽകി കൊന്നു.സുഹൃത്തിന് 50,000 രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. കർണാടകയിലെ ദേവനഗരയില്‍ ആണ് 

ഞെട്ടിക്കുന്ന സംഭവം. 

അപസ്‌മാര രോഗിയായ മകനെ കൊലപ്പെടുത്തിയ കുറ്റത്തിന് കുട്ടിയുടെ പിതാവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു.കൊലപാതകത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ദിവസ വേതനത്തിന്  ജോലിചെയ്യുന്ന തൊഴിലാളിയായ എം ജയപ്പക്ക്  രോഗിയായ മകന്‍ ബാസവരാജുവിനെ ചികിത്സിക്കാന്‍ ‍നാല് ലക്ഷത്തോളം രൂപ ചെലവായി. പക്ഷേ ആരോഗ്യ നിലയില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. മകന്‍റെ തുടര്‍ ചികിത്സയ്ക്കായി കൂടുതൽ പണം കണ്ടെത്താന്‍  ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജയപ്പയ്ക്ക് മറ്റ് നാലുമക്കള്‍ കൂടിയുണ്ട്. കുടുംബം നോക്കാനും മകനെ ചികിത്സിക്കാനും ഏറെ ബുദ്ധിമുട്ടേണ്ടി വന്നപ്പോൾ ജയപ്പ മകനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

മകനെ കൊലപ്പെടുത്താന്‍ സഹായിക്കണമെന്ന് ജയപ്പ സുഹൃത്ത് മഹേഷിനോട് ആവശ്യപ്പെട്ടു.വേദനയില്ലാതെ മകനെ കൊല്ലാമെന്നും ഇതിനായി ഒരു ഇഞ്ചക്ഷന്‍ വേണമെന്നും 25,000 രൂപയാണ് വിലയെന്നും മഹേഷ്  അറിയിച്ചു. കൂടാതെ 25,000 രൂപ തനിക്ക് പ്രതിഫലമായി  നല്‍കണമെന്നും പറഞ്ഞു.

പണം നല്‍കാമെന്ന് ജയപ്പ സമ്മതിച്ചെങ്കിലുംഇഞ്ചക്ഷന്‍ കണ്ടെത്താന്‍  മഹേഷിനായില്ല. ഇതോടെ എങ്ങനെ എങ്കിലും മകനെ കൊന്നാല്‍ മതി 25000 രൂപ തരാമെന്ന് ജയപ്പ മഹേഷിനോട് പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്താനുള്ള സാഹചര്യം ജയപ്പ ഉണ്ടാക്കി. ഇതിനായി ബാസവരാജുവിനെ തന്റെ കൂടെ നിർത്തി ഭാര്യയെയും മറ്റു മക്കളെയും ജയപ്പ ബന്ധുവീട്ടിലേക്ക് പറഞ്ഞുവിട്ടു. അന്ന് രാത്രിയില്‍ മഹേഷ് ജയപ്പയുടെ  വീട്ടിലെത്തി കുട്ടിയെ ശ്വാസം മുട്ടിച്ചു കൊന്നു.  

പിറ്റേന്ന്  നേരം പുലര്‍ന്നപ്പോള്‍ അപസ്‌മാരത്തെത്തുടർന്ന് കുട്ടി മരിച്ചു എന്ന് ജയപ്പ കഥ മെനഞ്ഞു. നാട്ടുകാരില്‍ പലരും ഇത് വിശ്വസിച്ചു. എന്നാല്‍ സുഹൃത്ത് മഹേഷ് രാത്രി വീട്ടിലെത്തിയതിന്‍റെ പിറ്റേ ദിവസം കുട്ടി മരിച്ചത്  ചിലരില്‍ സംശയം ജനിപ്പിച്ചു.  നാട്ടുകാര്‍ തങ്ങളുടെ സംശയം പൊലീസില്‍ അറിയിച്ചു. ഇതോടെ പൊലിസ് അന്വേഷണം നടത്തി ജയപ്പയെ കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്‌തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പിന്നാലെ ജയപ്പയുടെ സുഹൃത്ത് മഹേഷിനെയും പൊലീസ് പിടികൂടുകയായിരുന്നു.

Other News