സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ഉത്തേജനപാക്കേജുമായി കേന്ദ്രസര്‍ക്കാര്‍


AUGUST 12, 2019, 1:40 PM IST

ന്യൂഡല്‍ഹി: ആഗോള സമ്പദ് വ്യവസ്ഥകളുടെ മെല്ലെപ്പോക്കുകാരണം താഴേക്കുവീണ ദേശീയ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. ഉത്തേജന പാക്കേജുകള്‍ നടപ്പിലാക്കുക, നികുതി കുറയ്ക്കുക. അര്‍ഹമായ മേഖലകളെ പരിപോഷിപ്പിക്കുക തുടങ്ങിയവയാണ് കേന്ദ്രസര്‍ക്കാറിന്റെ മുന്നിലുള്ള പോംവഴികള്‍.

ചിലമേഖലകള്‍ക്ക് ഇന്‍സെന്റീവുകള്‍ നല്‍കിയും ജിഎസ്ടിയില്‍ ഇളവ് വരുത്തിയും അടിസ്ഥാനസൗകര്യമേഖലയില്‍ നിക്ഷേപം വര്‍ധിപ്പിച്ചും സ്വകാര്യമേഖലയുടെ ആത്മവിശ്വാസം ഉയര്‍ത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. അതേസമയം നിലവില്‍ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ട്.

നഷ്ടം നേരിടുന്നതുകാരണം പല സ്ഥാപനങ്ങളും ജീവനക്കാരെ പിരിച്ചുവിടുകയാണ്. നിക്ഷേപങ്ങള്‍ മരവിപ്പിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഉത്തേജനപാക്കേജുകള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നത്. എന്തെല്ലാം നടപടികളാണ് കൈക്കൊള്ളേണ്ടതെന്ന് ധനകാര്യവകുപ്പ് തീരുമാനിച്ച ശേഷം ജി.എസ്.ടി കൗണ്‍സില്‍ യോഗം ചേര്‍ന്ന് നികുതി കുറയ്ക്കും.

നേരത്തെ ജി.എസ്.ടിയില്‍ ഇളവുനല്‍കണമെന്ന് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ആവശ്യപ്പെട്ടിരുന്നു.

Other News