ഡല്‍ഹിയില്‍ തീപിടിത്തം; 27 പേര്‍ വെന്തുമരിച്ചു; സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു


MAY 14, 2022, 8:57 AM IST

ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍ നാല് നില കെട്ടിടം കത്തിയമര്‍ന്ന് 27 പേര്‍ വെന്തുമരിച്ചു. 40 പേര്‍ക്ക് പൊള്ളലേറ്റു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള കെട്ടിടമാണ് കത്തിയത്. 70 പേരെ രക്ഷപ്പെടുത്തി. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാം. സിസിടിവി കാമറയുമായി ബന്ധപ്പെട്ട ഓഫീസും ഗോഡൗണും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണെന്ന് പൊലീസ് അറിയിച്ചു.

വെള്ളി വൈകിട്ട് 4.40ഓടെയാണ് തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന് അഗ്‌നിശമന സേന പറഞ്ഞു. ഇരുപതോളം യൂണിറ്റ് എത്തിയാണ് തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചത്. കാരണം അറിവായിട്ടില്ല. രാത്രി വൈകി തീ അണച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ വന്‍വീഴ്ചയുണ്ടായതായി ആരോപണമുണ്ട്. കെട്ടിടത്തില്‍ പരിശോധന തുടരുകയാണ്. കെട്ടിട ഉടമയെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കും.

സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുണ്ട്കാ മെട്രൊ സ്റ്റേഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 26 പേരാണ് മരിച്ചത്. കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വ്യാപാര വ്യവസായ സ്ഥാപനങ്ങളാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നാം നിലയിലാണ് സിസിടിവി നിര്‍മ്മിക്കുന്ന ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇവിടത്തെ സ്റ്റാഫുകളാണ് മരിച്ചവരില്‍ ഏറെയും.

ലഭ്യമായ വിവരമനുസരിച്ച് തീപിടിത്തത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെല്ലാം സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്കേറ്റ് ചികിത്സയിലുള്ള പലരുടെയും നില അതീവ ഗുരുതരമാണ്. മൂന്ന് നിലകളിലായി തീ പടര്‍ന്നിട്ടുണ്ടെന്ന് ഡിസിപി സമീര്‍ ശര്‍മയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

തീ അണക്കാന്‍ 24 ഫയര്‍ എഞ്ചിനുകളാണ് സ്ഥലത്തെത്തിയത്. വൈകിട്ട് 4.40നാണ് തീപിടിത്തമുണ്ടായതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യം 10 അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. പിന്നീട് തീ നിയന്ത്രണവിധേയമാക്കാന്‍ 14 യൂണിറ്റുകളെ കൂടി എത്തിക്കുകയായിരുന്നു.

Other News