കര്‍ണാടക സ്പീക്കര്‍ അയോഗ്യരാക്കിയ അഞ്ച് വിമത എംഎല്‍എമാര്‍ മുംബൈയില്‍ നിന്ന് മടങ്ങിയെത്തി


JULY 29, 2019, 12:28 PM IST

ബംഗളൂരു: കര്‍ണാടക സ്പീക്കര്‍ അയോഗ്യരാക്കിയ 14 വിമത എം.എല്‍.എമാരില്‍ അഞ്ച് പേര്‍ മുംബൈയില്‍ നിന്ന് മടങ്ങിയെത്തി. ബൈരതി ബസവരാജ് (കെ.ആര്‍ പുരം), മുനിരത്‌ന (ആര്‍.ആര്‍ നഗര്‍), എം.ടി.ബി. നാഗരാജ് (ഹൊസകോട്ട), എസ്.ടി. സോമശേഖര്‍ (യശ്വന്ത്പുര്‍), ശിവറാം ഹെബ്ബാര്‍ (െയല്ലാപുര്‍) എന്നിവരാണ് അര്‍ധരാത്രിയോടെ ബംഗളൂരുവിലെത്തിയത്. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് തേടാനിരിക്കെയാണ് കോണ്‍ഗ്രസ്ജെ.ഡി.എസ് സഖ്യസര്‍ക്കാറിന്റെ വീഴ്ചക്കു കാരണക്കാരായ 14 വിമതരെ കൂടി കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്‍ അയോഗ്യരാക്കിയത്. വിശ്വാസ വോട്ടെടുപ്പിനുശേഷം സ്പീക്കര്‍ക്കെതിരെ ബി.ജെ.പി അവിശ്വാസം കൊണ്ടുവരാനിരിക്കെയാണ് 11 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും മൂന്നു ജെ.ഡി.എസ് എം.എല്‍.എമാര്‍ക്കുമെതിരായ നടപടി. ഇതോടെ ഇതുവരെ അയോഗ്യരാക്കപ്പെട്ട 17 പേര്‍ക്കും 15ാം നിയമസഭയുടെ കാലാവധി (2023 മേയ് 23) പൂര്‍ത്തിയാകുംവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. എന്നാല്‍, തീരുമാനത്തിനെതിരെ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കാം. കുതിരക്കച്ചവടത്തിലൂടെയും ഓപറേഷന്‍ താമരയിലൂടെയും സര്‍ക്കാര്‍ രൂപവത്കരിക്കാനായി ബി.ജെ.പിയെ സഹായിച്ച 17 പേര്‍ക്കെതിരെ നടപടിയെടുത്തതോടെ സഭയുടെ അംഗബലം 208 ആയി. കേവല ഭൂരിപക്ഷത്തിനു 104 പേരുടെ പിന്തുണ മതി. ഇതോടെ സ്വതന്ത്രന്‍ ഉള്‍പ്പെടെ 106 പേരുടെ പിന്തുണയോടെ ബി.ജെ.പി ഭൂരിപക്ഷം തെളിയിക്കുമെന്നുറപ്പായി.

Other News