ഇന്ധനം തീരാന്‍ പത്തുമിനിറ്റ് മാത്രം;  വിമാനം അടിയന്തരമായി  നിലത്തിറക്കി


JULY 17, 2019, 1:56 PM IST

ന്യൂഡല്‍ഹി: ഇന്ധനം തീരാന്‍ പത്തുമിനിറ്റ് മാത്രം ബാക്കിനില്‍ക്കെ വിമാനം അടിയന്തരമായി  നിലത്തിറക്കി. മുംബയ്-ഡല്‍ഹി സര്‍വീസ് നടത്തുന്ന വിസ്താര വിമാനമാണ് ഇന്ധനക്കുറവുമൂലം അടിയന്തരമായി ലഖ്നൗവിലിറക്കിയത്. വിമാനം പറക്കുന്നതിനിടയിലാണ് ഇന്ധനം പത്തുമിനിറ്റിനുള്ളില്‍ ഇന്ധനം തീരുമെന്ന വിവരം പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ഏറ്റവും അടുത്തുള്ള ലഖ്നൗവിലേക്ക് തിരിച്ച് വിടുകയായിരുന്നു. വിമാനത്തില്‍ 153 യാത്രക്കാരുണ്ടായിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പൈലറ്റിനെതിരെ അധികൃതര്‍ നടപടിയെടുത്തിട്ടുണ്ട്.

ലക്നൗവില്‍ ഇറങ്ങുമ്പോള്‍ വിമാനത്തില്‍ 300കിലോഗ്രാം ഇന്ധനം മാത്രമാണ് ഉണ്ടായിരുന്നത്. എയര്‍ബസ് എ-320 വിമാനങ്ങളില്‍ യാത്ര അവസാനിക്കുന്ന സമയത്ത് 60 മിനിറ്റുകൂടി പറക്കാനുള്ള ഇന്ധനം ബാക്കിയുണ്ടാകാറുണ്ട്. അടിയന്തര സാഹചര്യമുണ്ടാകുകയാണെങ്കില്‍ ഈ ഇന്ധനമാണ് ഉപയോഗിക്കുക.ഇന്ധനം കുറഞ്ഞതിനെത്തുടര്‍ന്ന് പൈലറ്റുമാര്‍ ലക്നൗവിലേക്ക് വിമാനം തിരിച്ച് വിടാന്‍ അനുമതി തേടുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലേക്ക് വിമാനം തിരിച്ച് വിടാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ പ്രതികൂല കാലവസ്ഥയായതിനാല്‍ ആ തീരുമാനം ഉപേക്ഷിച്ചു. ലക്നൗവിലും കാലവസ്ഥ മോശമാണെന്ന അറിയിപ്പ് ലഭിച്ചിരുന്നു. അതിനാല്‍ പ്രയാഗ്രാജിലേക്ക് തിരിച്ച് പറക്കാന്‍ തുടങ്ങുമ്പോഴേക്ക് ലക്നൗവിലെ കാലാവസ്ഥ മെച്ചപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനം ലക്നൗവില്‍ ലാന്‍ഡ് ചെയ്തു.

Other News