ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനിലെ യാത്രികരെ പരിശീലിപ്പിക്കാനുള്ള കരാര്‍ റഷ്യയ്ക്ക്, നടപടി അമേരിക്കയുടെ എതിര്‍പ്പ് മറികടന്ന്


JULY 2, 2019, 6:49 PM IST

ബെംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനിലെ യാത്രികരെ പരിശീലിപ്പിക്കാനുള്ള ദൗത്യം റഷ്യയ്ക്ക്. ഇതുസംബന്ധിച്ച കരാര്‍ ഇരു രാജ്യങ്ങളിലേയും ബഹിരാകാശ ഏജന്‍സികള്‍ തമ്മില്‍ ഒപ്പുവച്ചു. അമേരിക്കയുടെ എതിര്‍പ്പിനെ മറികടന്നാണ് ഇന്ത്യ റഷ്യയ്ക്ക് കരാര്‍ നല്‍കിയത് എന്ന പ്രത്യേകതയുമുണ്ട്. റഷ്യയുമായി പ്രതിരോധകരാറില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ ഇന്ത്യയോട് നീരസമുള്ള അമേരിക്കയെ ഈ നടപടി പ്രകോപിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സഞ്ചാരികളെ പേടകത്തില്‍ ബഹിരാകാശത്തെത്തിക്കുന്ന പദ്ധതിയാണ് ഗഗന്‍യാന്‍.

ബഹിരാകാശയാത്രികരെ പരിശീലിപ്പിക്കാനായി അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ സമീപിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നെങ്കിലും പിന്നീട് റഷ്യയെ നിശ്ചയിക്കുകയായിരുന്നുവെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ശിവന്‍ പിന്നീട് പ്രതികരിച്ചു. മുന്‍പ് രാകേഷ് ശര്‍മ്മയെ ബഹിരാകാശത്തെത്തിച്ചത് റഷ്യയായിരുന്നെന്നും എയര്‍ഫോഴ്‌സിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോസ്‌പേസ് മെഡിസിന്‍ റഷ്യയില്‍ പരിശീലനം നേടിയിട്ടുള്ളതുമാണ് റഷ്യയെ തെരഞ്ഞെടുക്കാന്‍ കാരണമായത്.

റഷ്യയിലെ യുഎ ഗാര്‍ഗിന്‍ റിസര്‍ച്ച് ആന്റ് ടെസ്റ്റ് കോസ്‌മോസൗട്ട് ട്രെയ്‌നിംഗ് സെന്ററും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കല്‍ പ്രോബ്ലംസ് ഓഫ് ദ റഷ്യന്‍ അക്കാദമി ഓഫ് സയന്‍സും ഒരുമിച്ച് ചേര്‍ന്നാണ് ഇന്ത്യന്‍ ബഹിരാകാശ യാത്രികരെ പരിശീലിപ്പിക്കുക. 

പേടകത്തില്‍ സഞ്ചാരികളെ ബഹിരാകാശത്തേയ്‌ക്കെത്തിക്കുന്ന ഇന്ത്യന്‍ ദൗത്യമായ ഗഗന്‍യാന്‍ 2021 ഓടെ നടപ്പിലാക്കാനാണ് ഐ.എസ്.ആര്‍.ഒ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.


Other News