വാക്‌സിനേഷന്‍ വര്‍ധന; ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ മെച്ചപ്പെടുത്തുമെന്ന് ഐഎംഎഫ്


OCTOBER 13, 2021, 7:36 AM IST

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തരോല്‍പാദനം(ജിഡിപി) 2021ല്‍ 9.5 ശതമാനമായി ഉയരുമെന്ന് അന്താരാഷ്ട നാണ്യ നിധി (ഐഎംഎഫ്). ഐഎംഎഫിന്റെ മുഖ്യസാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ്.

ചൊവ്വാഴ്ച ഐഎംഎഫിന്റെ ആഗോള സാമ്പത്തിക കാഴ്ചപ്പാട് വിര്‍ച്വല്‍ വീഡിയോ വഴി അവതരിപ്പിച്ചാണ് ഗീതാഗോപിനാഥിന്റെ പരാമര്‍ശം. കോവിഡിനെതിരെ ഇന്ത്യയുടെ അഭിനന്ദനാര്‍ഹമായ വാക്സിനേഷന്‍ പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്നും അവര്‍ പറഞ്ഞു.

 'ഇന്ത്യയുടെ വളര്‍ച്ച പ്രവചനത്തില്‍ ഈ വര്‍ഷത്തില്‍ ഞങ്ങള്‍ മാറ്റം വരുത്തുന്നില്ല. വളരെ കഠിനമായ രണ്ടാം തരംഗത്തില്‍ നിന്നും ഇന്ത്യ പുറത്തുവന്നു. അത് ജൂലായില്‍ ഇന്ത്യയെ താഴോട്ട് കൊണ്ടുപോയെങ്കിലും ഈ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല,'

2022ല്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തരോല്‍പാദനം 8.5 ശതമാനം ആയിരിക്കും. മറ്റ് പല രാഷ്ട്രങ്ങളും കോവിഡാനന്തരം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്ന് പറയുമ്പോള്‍ തന്നെയാണ് ഇന്ത്യയ്ക്ക് ശക്തമായ വളര്‍ച്ച ഐഎംഎഫ് പ്രവചിക്കുന്നത്.

റിസര്‍വ്വ് ബാങ്കിന്റെ നാണ്യപ്പെരുപ്പ പരിധിയ്ക്കുള്ളില്‍ നില്‍ക്കുന്ന സുസ്ഥിരമായ വളര്‍ച്ചയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവചിക്കുന്നതെന്നും ഐഎംഎഫ് പറയുന്നു. ഈ വര്‍ഷം ഇന്ത്യ 9.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് തന്നെയാണ് കേന്ദ്ര ധനകാര്യമന്ത്രാലയും പ്രവചിച്ചിരുന്നത്.

അതേ സമയം  കോവിഡാനന്തര മാന്ദ്യത്തില്‍ നിന്നും ലോകം ആഗോളതലത്തില്‍ കരകയറുന്നത് വൈകുമെന്ന മുന്നറിയിപ്പും ഐഎംഎഫ് നല്‍കുന്നു. ആഗോള വളര്‍ച്ചാ നിരക്ക് ഈ വര്‍ഷം 5.9 ശത്മാനം മാത്രമായിരിക്കും. അതേ സമയം അമേരിക്ക 6 ശതമാനം വളര്‍ച്ച നിലനിര്‍ത്തുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു.

Other News