രാഹുല്‍ വിഷയം : ഇന്ത്യയെ ജനാധിപത്യ തത്വങ്ങള്‍ ഓര്‍മിപ്പിച്ച് ജര്‍മ്മനി


MARCH 30, 2023, 1:44 PM IST

ന്യൂഡല്‍ഹി : മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ അടിസ്ഥാനപരമായ ജനാധിപത്യ തത്വങ്ങള്‍ ബാധകമാക്കണമെന്ന് ഇന്ത്യയെ ഓര്‍മ്മിപ്പിച്ച് ജര്‍മ്മനി.

'ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയനേതാവായ രാഹുല്‍ ഗാന്ധിക്കെതിരായ ആദ്യ സന്ദര്‍ഭത്തിലെ വിധിയും അദ്ദേഹത്തിന്റെ പാര്‍ലമെന്ററി സ്ഥാനാര്‍ത്ഥിത്വം സസ്‌പെന്‍ഡ് ചെയ്തതും ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഞങ്ങളുടെ അറിവില്‍, വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള സാഹചര്യത്തിലാണ് ഗാന്ധി,' ജര്‍മ്മനി വിദേശകാര്യ വക്താവ് ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഈ വിധി നിലനില്‍ക്കുമോയെന്നും അദ്ദേഹത്തിന്റെ അധികാരം സസ്‌പെന്‍ഡ് ചെയ്തതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്നും അപ്പോള്‍ മാത്രമേ വ്യക്തമാകും എന്നും ജര്‍മ്മന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.

ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുടെയും മാനദണ്ഡങ്ങള്‍ കേസില്‍ ബാധകമാകുമെന്ന് ജര്‍മ്മനി പ്രതീക്ഷിക്കുന്നതായി വക്താവ് പറഞ്ഞു.

ഈ ആഴ്ച ആദ്യം , രാഹുല്‍ ഗാന്ധിയുടെ കേസ് നിരീക്ഷിച്ചു വരികയാണെന്നും അഭിപ്രായ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള ജനാധിപത്യ മൂല്യങ്ങളോടുള്ള പങ്കിട്ട പ്രതിബദ്ധതയില്‍ അവര്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ഇടപഴകുന്നത് തുടരുകയാണെന്നും യു.എസ് പറഞ്ഞിരുന്നു.

' മോഡി എന്ന പേരുള്ളവര്‍ എല്ലാം കള്ളന്മാര്‍ ' എന്ന പരാമര്‍ശത്തിന്റെ പേരില്‍ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ട ദിവസം മുതല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്സഭാംഗത്വത്തില്‍ നിന്ന് കഴിഞ്ഞയാഴ്ച അയോഗ്യനാക്കിയിരുന്നു. വയനാട്ടില്‍ നിന്നുള്ള എംപിയായിരുന്നു രാഹുല്‍ ഗാന്ധി.

Other News