കേന്ദ്ര ഏജന്‍സികള്‍ ഇടനിലക്കാരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു;  തമിഴ്നാട് സ്പീക്കര്‍ അപ്പാവു


DECEMBER 3, 2023, 6:58 AM IST

ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി തമിഴ്നാട് നിയമസഭാ സ്പീക്കര്‍ രംഗത്ത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ ഇടനിലക്കാരെ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തുകയാണെന്നാണ് തമിഴ്നാട് സ്പീക്കര്‍ അപ്പാവു ആരോപിക്കുന്നത്.

തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ ഇഡി ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങിയതിന് ഡിവിഎസി അറസ്റ്റ് ചെയ്ത സംഭവത്തോട് പ്രതികരിക്കവെയാണ് അപ്പാവു ഈ ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി കേന്ദ്ര ഏജന്‍സികളിലെ ഇടനിലക്കാര്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ മൂന്ന് മാസമായി, ഈ ഇടനിലക്കാര്‍ എന്നോട് നിരന്തരം ചില കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുകയാണ്. അത്തരം ഭീഷണികളൊന്നും എന്നോട് നടക്കില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. ജീവിതത്തില്‍ കൃഷി മാത്രം ചെയ്ത എന്നെ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നുവെങ്കില്‍, അവര്‍ എല്ലാവരോടും അങ്ങനെയാണോ ചെയ്യുന്നത്? ഞാന്‍ അവരോട് ചോദിച്ചു. ഇതാണ് രാജ്യത്തുടനീളം നടക്കുന്നത്' അദ്ദേഹം പറഞ്ഞു.

അതേസമയം, ഡിണ്ടിഗലില്‍ സര്‍ക്കാര്‍ ജീവനക്കാരന്റെ കൈയില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇഡി ഉദ്യോഗസ്ഥന്‍ അങ്കിത് തിവാരിയെ സംസ്ഥാന വിജിലന്‍സും അഴിമതി വിരുദ്ധ വിഭാഗവും അറസ്റ്റ് ചെയ്തത്. ഇയാളെ ഡിസംബര്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. തമിഴ്നാട്ടില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി സ്പീക്കര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഡിഎംകെ മന്ത്രി സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുകയാണെന്ന പ്രചരണമാണ് ഡിഎംകെ നടത്തിയിരുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ സ്പീക്കറുടെ വെളിപ്പെടുത്തലും പുറത്തുവന്നിരിക്കുന്നത്.

Other News