ഹഫീസ് സെയ്ദ് അറസ്റ്റിലായി


JULY 17, 2019, 1:25 PM IST

ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനും ഭീകരസംഘടന ജമാഅത്ത് ഉദ് ദവയുടെ സ്ഥാപകനുമായ ഹഫീസ് സയിദിനെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തു. ലാഹോറിൽ നിന്നു ഗുജ്‌റൻവാലയിലേക്കുള്ള യാത്രമധ്യേ സയിദിനെ പാക് പൊലീസ് കസ്റ്റഡിയിലെടുക്കുയായിരുന്നു.  പാക്കിസ്ഥാനുള്ളിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്കു ഫണ്ടിങ് നൽകുന്നതിന്റെ പേരിൽ സയിദിനെ അറസ്റ്റ് ചെയ്യണമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് ഇമ്രാൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം പാക്കിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തുമെന്നും സാമ്പത്തിക സ്ഥാപനം മുന്നറിയിപ്പ് നൽകി. കൂടാതെ അന്തർദ്ദേശീയരംഗത്ത് ഇന്ത്യയും പാക്കിസ്ഥാനെതിരായ സമ്മർദ്ദം ശക്തമാക്കിയിരുന്നു. ഇതാണ് പെട്ടെന്നുള്ള നടപടിയ്ക്ക് പ്രചോദനമായത് എന്നാണ് കരുതുന്നത്. 

നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാക്കിസ്ഥാന് കരിമ്പട്ടികയിൽ പെടുന്നത് ആത്മഹത്യപരമാണ്. അങ്ങിനെ സംഭവിക്കുന്ന പക്ഷം രാജ്യത്തിന് അന്തർദ്ദേശീയ നിക്ഷേപങ്ങളോ സാമ്പത്തിക സഹായങ്ങളോ ലഭ്യമാകാതെ വരും ഇതാണ് ഇമ്രാൻ ഖാൻ സർക്കാർ ധൃതിയിൽ ഹഫീസ് സയിദിനെ അറസ്റ്റ് ചെയ്യാൻ ഇടയാക്കിയത്. കൂടാതെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമേൽ കടുത്ത സമ്മർദമാണ് ഇന്ത്യ ചെലുത്തിയിരുന്നത്. മുംബൈ ആക്രമണം ഹഫീസ് ആസൂത്രണം ചെയ്തതിന്റെ തെളിവുകൾ എല്ലാം ഇന്ത്യ പാക്കിസ്ഥാനു കൈമാറിയിരുന്നു.

ഹഫീസിന്റെ നേതൃത്വത്തിലുള്ള ജമാഅത്ത് ഉദ് ദവ, ഫലഹ് ഇ. ഇൻസാനിയത്ത് എന്നീ സംഘടനകളുടെ പേരിലുള്ള സമ്പത്തുകൾ കണ്ടുകെട്ടണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. പുറത്തുവന്ന രഹസ്യരേഖകൾ അനുസരിച്ച് ചാരിറ്റബിൽ ട്രസ്റ്റുകളുടെ പേരിൽ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം നടത്തുന്ന അന്താരാഷ്ട്ര ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അതേസമയം ഹഫീസ് സെയ്ദ് പാക്കിസ്ഥാനിൽ അറസ്റ്റിലാകുന്നത് ആദ്യമല്ല. നേരത്തെ മുംബൈ ആക്രമണമുണ്ടായപ്പോഴും തെരഞ്ഞെടുപ്പിന് മുൻപും ലോകരാജ്യങ്ങളുടെ കണ്ണിൽ പൊടിയിടാൻ പാക്കിസ്ഥാൻ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.  പിന്നീട് വിചാരണകൂടാതെ ഇയാളെ വിട്ടയക്കുകയും ചെയ്തു.

Other News