മുന്‍ രാഷ്ട്രപതി ഹമീദ് അന്‍സാരി കാശ്മീരി ഭീകരര്‍ക്ക് സഹായമെത്തിക്കുന്ന കണ്ണികളെ സഹായിക്കാന്‍ റോയുടെ വിവരങ്ങള്‍ ഇറാന് ചോര്‍ത്തിനല്‍കിയെന്ന് ആരോപണം


JULY 8, 2019, 12:26 PM IST

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി ഹമീദ് അന്‍സാരി കാശ്മീരി ഭീകരര്‍ക്ക് സഹായമെത്തിക്കുന്ന ഇറാനിലെ സംഘത്തിന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപണം. റോയിലെ മുന്‍ ഉദ്യോഗസ്ഥനായ എന്‍.കെ. സൂദ് ആണ് ആരോപണമുന്നയിച്ചത്. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി. ഹമീദ് അന്‍സാരി രണ്ട് തവണ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സാംഗത്യവും അദ്ദേഹം ചോദ്യം ചെയ്തു. 

ഹമീദ് അന്‍സാരി ഇറാന്‍ സ്ഥാനപതിയായിരുന്ന 1990-1992 കാലത്താണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്. കാശ്മീരി ഭീകരരെ സഹായിക്കുന്ന ഇറാന്‍ ആസ്ഥാനമായ സംഘത്തെക്കുറിച്ചന്വേഷിക്കാന്‍ അന്നത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ കുറച്ച് റോ ഉദ്യോഗസ്ഥരെ ഇറാനിലേയ്ക്കയച്ചു. എന്നാല്‍ റോ ഉദ്യോഗസ്ഥര്‍  എത്തുന്ന കാര്യം അന്ന് സ്ഥാനപതിയായിരുന്ന ഹമീദ് അന്‍സാരി ഇറാന്‍ സര്‍ക്കാറിന് ചോര്‍ത്തിക്കൊടുത്തുവെന്നാണ് ആരോപണം. തുടര്‍ന്ന് ഇറാന്‍ രഹസ്യാന്വേഷണ ഏജന്‍സി റോ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകുന്ന സ്ഥിതി വരെ സംജാതമായി. മാത്രമല്ല ഗള്‍ഫ് മേഖലയില്‍ റോയുടെ പ്രവര്‍ത്തനത്തിന് അന്ത്യം കുറിക്കാനും ഈ ചാരപ്രവൃത്തി കാരണമായതായി സൂദ് ആരോപിക്കുന്നു. അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ  അഡീഷണല്‍ സെക്രട്ടറിയായിരുന്ന രത്തന്‍ സെയ്ഗളും അന്‍സാരിയുടെ പ്രവര്‍ത്തനത്തിന് കൂട്ടുനിന്നതായി സൂദ് കുറ്റപ്പെടുത്തുന്നുണ്ട്.

സൂദിന്റെ ആരോപണം വന്നതോടെ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി അന്‍സാരിയ്‌ക്കെതിരെ രംഗത്തെത്തി. അന്‍സാരിയെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയത് കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നെന്നും കോണ്‍ഗ്രസ് അന്‍സാരിയ്ക്ക് പിന്തുണ നല്‍കിയെന്നും സ്വാമി ആരോപിച്ചു.

1961 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഹമീദ് അന്‍സാരി ഇറാഖ്, മൊറോക്കോ, ബെല്‍ജിയം, സൗദി അറേബ്യ,യുഎഇ, ഓസ്‌ട്രേലിയ,അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.തുടര്‍ന്ന് 1993 മുതല്‍ 1995 വരെ ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധിയായി. 2007 മുതല്‍ 2017 വരെയാണ് ഹമീദ് അന്‍സാരി ഇന്ത്യയുടെ 12ാമത് ഉപരാഷ്ട്രപതിയായത്.

Other News