പ്രശസ്ത ഇന്ത്യന്‍  അഭിഭാഷകന്‍ ഹരീഷ് സാല്‍വെ എലിസബത്ത് രാജ്ഞിയുടെ സീനിയര്‍ അഡ്വക്കേറ്റ് കൗണ്‍സെല്‍


JANUARY 17, 2020, 3:04 PM IST

ലണ്ടന്‍:   അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും നിരവധി കേസുകളില്‍ അനുകൂല വിധി സമ്പാദിച്ചു പ്രശസ്തനായ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ എലിസബത്ത് രാജ്ഞിയുടെ സീനിയര്‍ അഡ്വക്കേറ്റ് കൗണ്‍സെലായി നിയമിച്ചു. ഇംഗ്ലണ്ട്, വെയില്‍സ് കോടതികളില്‍ ക്യൂന്‍സ് കൗണ്‍സെലായാണ് ഹരീഷ് സാല്‍വെയുടെ നിയമനം. യുകെ ജസ്റ്റിസ് മന്ത്രാലയം ജനുവരി 13ന് പുറത്തിറക്കിയ പട്ടികയിലാണ് സാല്‍വെയുടെ പേരുള്ളത്.

അഭിഭാഷക വൃത്തിയില്‍ അസാമാന്യമായ കഴിവും, പ്രാഗത്ഭ്യവും തെളിയിച്ചവര്‍ക്കാണ് രാജ്ഞിയുടെ കൗണ്‍സെല്‍ പദവി ലഭിക്കുന്നത്. സാല്‍വെയ്ക്ക് പുറമെ മറ്റൊരു ഇന്ത്യക്കാരന്‍ ശന്തനു മജൂംദാര്‍, ലൂയിസ് ഡോയല്‍, ആന്‍ഡ്രൂ ഗ്രാന്‍ഥാം, കേറ്റ് സെല്‍വെ, ക്രിസ്റ്റഫര്‍ ബോര്‍ഡ്മാന്‍ തുടങ്ങിയവര്‍ക്കും ക്യൂന്‍സ് കൗണ്‍സെല്‍ പദവി നല്‍കിയിട്ടുണ്ട്. 2020 മാര്‍ച്ച് 16നാണ് ഔദ്യോഗികമായി പദവി ഏറ്റെടുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതാദ്യമായല്ല ക്യൂന്‍സ് കൗണ്‍സെലിലേക്ക് ഇന്ത്യന്‍ വംശജര്‍ നിയോഗിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വൈറ്റ് & കേസ് പാര്‍ട്ണര്‍ ദിപെന്‍ സബര്‍വാളിനെ ക്യൂന്‍സ് കൗണ്‍സെലായി നിയോഗിച്ചിരുന്നു. നാഗ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എല്‍എല്‍ബി നേടിയ സാല്‍വെ 1980ല്‍ ജെബി ദാദാചന്ദ്ജി & കോയുടെ ഭാഗമായാണ് നിയമമേഖലയിലേക്ക് കടന്നുവന്നത്.

1992ല്‍ സാല്‍വെ ഡല്‍ഹി ഹൈക്കോടതിയില്‍ സീനിയര്‍ അഡ്വക്കേറ്റായി. 1992 മുതല്‍ 2002 വരെ ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. പാകിസ്ഥാന്‍ തടങ്കലില്‍ വെച്ചിരിക്കുന്ന കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടുകിട്ടാനുള്ള കേസില്‍ അന്താരാഷ്ട്ര കോടതിയില്‍ കേസ് വാദിച്ചത് സാല്‍വെയാണ്. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും കേവലം 1 രൂപ ഫീസ് ഈടാക്കിയാണ് സാല്‍വെ ഈ കേസ് ഏറ്റെടുത്തത്.

അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഈ 1 രൂപ സാല്‍വെയ്ക്ക് വേണ്ടി എടുത്ത് വെച്ചിരുന്നു. ഇവരുടെ മരണശേഷമാണ് സാല്‍വെയ്ക്ക് ആ കേസിലെ 1 രൂപ ഫീസ് നല്‍കിയത്.

Other News