മധുവിധു യാത്ര വാഗ്ദാനം ചെയ്ത് ഹഷീഷ് കടത്ത്; ഖത്തറില്‍ ശിക്ഷ അനുഭവിക്കുന്ന യുവദമ്പതികള്‍ക്ക് ശിക്ഷാ ഇളവില്‍ പ്രതീക്ഷ


OCTOBER 25, 2020, 8:01 AM IST

ന്യൂഡല്‍ഹി: ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുമ്പോള്‍ ഒരു കൊടുംചതിയുടെ ഇരകളാകാനാണ് തങ്ങള്‍ ഖത്തറിലെത്തുന്നതെന്ന് ഒനിബയും ഭര്‍ത്താവ് ഷരീക്കും അറിഞ്ഞിരുന്നില്ല. മധുവിധുവിന്റെ സ്വപ്‌നങ്ങളുമായി മുംബൈയില്‍ നിന്നും ദോഹയിലേക്ക് 2019 ജൂലൈ ആറിന് വിമാനം കയറിയ ഇരുവരും ഖത്തറില്‍ ഇറങ്ങിയതിന് ശേഷം പുറംലോകം കണ്ടിട്ടില്ല. അനധികൃതമായി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിന് ഇരുവരും ഇരുമ്പഴിക്കുള്ളിലാവുകയായിരുന്നു. പത്തുവര്‍ഷം തടവും ഒരു കോടി രൂപ പിഴയുമായിരുന്നു ഇരുവര്‍ക്കും ഖത്തര്‍ കോടതി വിധിച്ചത്.

ഗര്‍ഭിണിയായ ഒനിബയും ഭര്‍ത്താവ് ഷരീക്കും കുടുങ്ങിയതിന്റെ കഥയിങ്ങനെ:

പര്‍വീണ്‍ കൗസറിന്റെ മകള്‍ ഒനിബയ്ക്ക് വിവാഹ സമ്മാനമായി ഖത്തര്‍ യാത്ര വാഗ്ദാനം ചെയ്തത് അടുത്ത ബന്ധുവായ സ്ത്രീയായിരുന്നു. മധുവിധു യാത്ര ഖത്തറിലേക്കാക്കാമെന്നും അതിനുള്ള എല്ലാ ചെലവും താന്‍ വഹിക്കാമെന്നും പറഞ്ഞത് അവരുടെ അമ്മായി തബസ്സുമായിരുന്നു. പറയുക മാത്രമല്ല തബസ്സും അങ്ങനെ തന്നെ പ്രവര്‍ത്തിക്കുക തന്നെ ചെയ്തു. അതേതുടര്‍ന്ന് ഒനിബയും ഷരീക്കും ഖത്തറിലേക്ക് പറക്കുകയും ചെയ്തു.

എന്നാല്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാല് കിലോ ഹഷീഷുമായി ഇരുവരും പിടിയിലാവുകയായിരുന്നു. തന്റെ ബന്ധുവായ യുവതിയുടേയും ഭര്‍ത്താവിന്റേയും പക്കല്‍ ഹഷീഷ് കൊടുത്തയച്ച തബസ്സും ഇക്കാര്യം അവരെ അറിയിച്ചിരുന്നില്ല. അമ്മായി നല്കിയ സ്‌നേഹസമ്മാനപ്പൊതിയില്‍ ഹഷീഷാണെന്ന് ദമ്പതികള്‍ അറിഞ്ഞതുപോലും വിദേശ രാജ്യത്ത് കസ്റ്റംസ് ചോദ്യം ചെയ്യുകയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോഴായിരുന്നു. 

ഗര്‍ഭിണിയായ മകളോട് സൂക്ഷിച്ച് യാത്ര ചെയ്യാന്‍ ഉപദേശിച്ച മാതാവ് പിന്നീട് കയറിയിറങ്ങാത്ത അധികാര കേന്ദ്രങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ മയക്കുമരുന്ന് കടത്തുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ഒനീബയ്ക്കും ഷരീക്കിനും പ്രതീക്ഷയ്ക്കുള്ള വകയുമുണ്ടായിരുന്നില്ല. 

അതിനിടയിലാണ് പ്രതീക്ഷയുടെ നേരിയ വെട്ടം മുംബൈ പൊലീസിലെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോവായി രംഗത്തെത്തിയത്. പതിമൂന്നൂ ഗ്രാം കൊക്കയിനുമായി തബസ്സുമും സഹായി നിസാം കരയും അറസ്റ്റിലായതോടെ ഒനീബയും ഷരീക്കും ചതിക്കപ്പെട്ടതിന്റെ വഴി കണ്ടെത്തി. തന്റെ സുഹൃത്തിനു നല്കാന്‍ താനാണ് നാലു കിലോഗ്രാം ഹഷീഷ് ഒനീബയുടെ കൈവശം കൊടുത്തയച്ചതെന്ന് തബസ്സും സമ്മതിച്ചു. തബസ്സുമും നിസാമും വന്‍കിട മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഗള്‍ഫ് മേഖലയിലേക്ക് ഇവര്‍ വഴി മയക്കുമരുന്ന് കടത്ത് മാഫിയകള്‍ നടത്തിയതായി കണ്ടെത്തി. അതോടെ മുംബൈ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഖത്തര്‍ അധികൃതരുമായി നയതന്ത്ര മാര്‍ഗ്ഗത്തിലൂടെ ബന്ധപ്പെടുകയായിരുന്നു. 

ഖത്തര്‍ അധികൃതര്‍ക്ക് തെളിവുകള്‍ നിരത്തി വിവരം കൈമാറിയിട്ടുണ്ട്. ഇതോടെ ഒനീബയ്ക്കും ഷരീക്കിനും പ്രതീക്ഷയുടെ നേരിയ വെട്ടമാണ് ലഭിച്ചത്. തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദമ്പതികളും കുടുംബവും.

Other News