സ്ഥലം മാറ്റം പുനഃപരിശോധന അപേക്ഷ കൊളീജിയം തള്ളി;  ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജിവെച്ചു


SEPTEMBER 8, 2019, 12:29 PM IST

ചെന്നൈ: മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായുള്ള സ്ഥലം മാറ്റം പുനഃപരിശോധിക്കണമെന്ന അപേക്ഷ സുപ്രീംകോടതി കൊളീജിയം തള്ളിയതിനെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍ രമണി രാജിവെച്ചു. വെള്ളിയാഴ്ച രാത്രി തന്നെ രാജിക്കത്ത് ഇവര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കും അയച്ചു.മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരും സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലേക്ക് കത്തയച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാര്‍ വെള്ളിയാഴ്ച വൈകുന്നേരം വെള്ളിയാഴ്ച സംഘടിപ്പിച്ച വിരുന്നിലാണ് രാജി തീരുമാനം അവര്‍ അറിയിച്ചത്. ജഡ്ജി എന്ന നിലയില്‍ ഇതുവരെയുള്ള തന്റെ പ്രവര്‍ത്തനം സ്വതന്ത്രമായിരുന്നുവെന്നും തന്റെ മനഃസാക്ഷി ശുദ്ധമാണെന്നും അടുത്ത സഹപ്രവര്‍ത്തകരോട് അവര്‍ പറഞ്ഞു.രാജ്യത്തെ ഏറ്റവും പഴക്കമുള്ള മദ്രാസ് ഹൈക്കോടതിയില്‍ 56 ജഡ്ജിമാരാണുള്ളത്. ഇവിടെ നിന്നാണ് മൂന്നു ജഡ്ജിമാര്‍ മാത്രമുള്ള മേഘാലയ ഹൈക്കോടതിയിലേക്ക് ഇവരെ മാറ്റുന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ആയിരുന്നു ഇവരെ മദ്രാസ് ഹൈക്കോടതിയില്‍ നിയമിച്ചത്. ആ സമയത്ത് ബോംബെ ഹൈക്കോടതിയില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരുന്നു.അടുത്തവര്‍ഷം ഒക്ടോബര്‍ 20ന് വിരമിക്കാനിരിക്കേയാണ് രാജി.

Other News