ഉന്നാവ് പെൺകുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; സിബിഐ സംഘം ആശുപത്രിയിലെത്തി 


AUGUST 2, 2019, 1:13 AM IST

ലക്‌നോ:ഉന്നാവ് പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ.പെൺകുട്ടി ചികിത്സയിൽ കഴിയുന്ന കിംഗ് ജോർജ്ജ് ആശുപത്രിയിലെ ട്രോമാ കെയർ മേധാവി സന്ദീപ് തിവാരി ഇക്കാര്യം അറിയിച്ചത്. കേസ് അന്വേഷിക്കുന്ന സി ബി ഐ സംഘം ആശുപത്രിയിലെത്തി പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.

പെൺകുട്ടിയെ ഡൽഹിയിലേക്ക് ഉടൻ മാറ്റിയേക്കില്ല. പുതിയ നിർദ്ദേശങ്ങൾ കിട്ടിയിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. പെൺകുട്ടിക്ക് ലക്‌നോയിൽ തന്നെ വിദഗ്‌ധ  ചികിത്സ നൽകാനാവുമെന്നും സന്ദീപ് തിവാരി വ്യക്തമാക്കി.വിദഗ്‌ധ ചികിത്സക്കായി പെണ്‍കുട്ടിയെ ഡൽഹിക്ക് കൊണ്ടുവരുന്ന കാര്യം കുടുംബവുമായി ആലോചിക്കാൻ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ കോടതി വെള്ളിയാഴ്‌ച ഉത്തരവിറക്കും.

പെൺകുട്ടിക്ക് ലക്‌നോയിൽ തന്നെ വിദഗ്‌ധ  ചികിത്സ നൽകാനാവുമെന്നും പരീക്ഷണാടിസ്ഥാനത്തിൽ ഒരു തവണ വെന്റിലേറ്റർ  മാറ്റി നോക്കിയിരുന്നെന്നും സന്ദീപ് തിവാരി അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ അഭിഭാഷകനും  കിംഗ്‌ ജോർജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. 

പെൺകുട്ടിക്ക് 20 ലക്ഷം രൂപ അടിയന്തര സഹായം ഉത്ത‌ർ‌പ്രദേശ് സ‌ർക്കാ‌ർ നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പെൺകുട്ടിക്കും കുടുംബത്തിനും സി ആ‌‌ർ പി എഫ് സുരക്ഷ ഉറപ്പാക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തിന് നി‌ർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സഹായം വെള്ളിയാഴ്‌ച  തന്നെ നൽകണമെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

ഉന്നാവ് പീഡനവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ ലക്‌നോ സി ബി ഐ കോടതിയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റി. അഞ്ചുകേസുകളാണ് ലക്‌നോയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയത്. നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട്  പെണ്‍കുട്ടി അയച്ച കത്ത് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ബി ജെ പി എം എൽ എ കുൽദീപ് സെംഗാറുൾപ്പെടെ പെണ്‍കുട്ടിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയെന്നതടക്കമുള്ള നാല് കേസുകളാണ് നിലവിൽ ലക്‌നോ സി ബി ഐ കോടതിയിലുള്ളത്. ഇതിന് പുറമെയാണ് പെണ്‍കുട്ടിയെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്. ഈ അഞ്ച് കേസുകളുടെയും വിചാരണയാണ് ഡൽഹിയിലേക്ക് മാറ്റിയത്. 

ഉന്നാവ് കേസ് പരിഗണിക്കാനായി ഡൽഹിയിൽ പ്രത്യേക കോടതി സ്ഥാപിക്കും.ഏഴു ദിവസത്തിനകം അന്വേഷണം പൂ‌ർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട കോടതി 45 ദിവസം കൊണ്ട് വിചാരണ പൂ‌ർത്തിയാക്കാനും ഉത്തരവിട്ടു.  

Other News