മദ്യം വേണ്ടവര്‍ ഹിമാചല്‍ പ്രദേശില്‍ ഒരു കുപ്പി മദ്യത്തിന് പത്ത് രൂപ പശു സെസ് നല്‍കണം


MARCH 18, 2023, 7:09 AM IST

ന്യൂഡല്‍ഹി: കേരളത്തില്‍ ഡീസലിനും പെട്രോളിനും രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയതിനെതിരെയുണ്ടായ പ്രതിഷേധവും കോലഹലങ്ങളും നമ്മള്‍ കണ്ടതാണ്. എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ മദ്യം കഴിച്ചു ശീലിച്ചവര്‍ക്ക് ഒന്നുമിനുങ്ങണമെങ്കില്‍ കുപ്പി ഒന്നിന് പത്തുരൂപ വീതം സെസ് നല്‍കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പശുക്കളുടെ ക്ഷേമത്തിനുവേണ്ടിയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബജറ്റ് നിര്‍ദേശം വഴി സെസ് ഏര്‍പ്പെടുത്തിയത്.

ഇതുവഴി ഒരു വര്‍ഷം നൂറ് കോടി രൂപ വരുമാനം ഉണ്ടാക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. സെസ് ആയി പിരിച്ചെടുക്കുന്ന തുക പശുക്കള്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ ചെലവഴിക്കുമെന്നും ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖലയില്‍ വ്യത്യസ്തങ്ങളായ പദ്ധതികള്‍ നടപ്പിലാക്കുമെന്നും സംസ്ഥാന ബഡ്ജറ്റില്‍ പറയുന്നുണ്ട്. രണ്ടു ശതമാനം പലിശയ്ക്ക് കര്‍ഷകര്‍ക്ക് ലോണ്‍, വിദ്യാര്‍ഥികള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങുന്നതിനായി 25000 രൂപ വീതം സബ്സിഡി തുടങ്ങിയവയും ഹിമാചല്‍ സര്‍ക്കാരിന്റെ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളാണ്.

മുന്‍പ് ഉത്തര്‍പ്രദേശ് സര്‍ക്കാരും 0.5 ശതമാനം പശു സെസ് ഏര്‍പ്പെടുത്തിയിരുന്നു. പശുക്കള്‍ക്ക് ഷെല്‍ട്ടര്‍ പണിയുന്നതിന് വേണ്ടിയായിരുന്നു സെസ് ഏര്‍പ്പെടുത്തിയത്. 2019 മുതല്‍ 2022 വരെ പശു സെസ് ഏര്‍പ്പെടുത്തിയതിലൂടെ 2176 കോടി രൂപ രാജസ്ഥാന്‍ സര്‍ക്കാരും സമ്പാദിച്ചിരുന്നു.

Other News