പാക്കിസ്ഥാനില്‍ ഭൂമിക്കടയില്‍ 1300 വര്‍ഷം പഴക്കമുള്ള വിഷ്ണുക്ഷേത്രം കണ്ടെത്തി


NOVEMBER 21, 2020, 3:42 PM IST

കറാച്ചി: 1,300 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ചതായി കരുതപ്പെടുന്ന  ഹിന്ദു ക്ഷേത്രം വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സ്വാത് ജില്ലയിലെ പര്‍വതത്തില്‍ നിന്ന് കണ്ടെത്തി. പാകിസ്താന്‍, ഇറ്റാലിയന്‍ പുരാവസ്തു വിദഗ്ധര്‍ ബാരിക്കോട്ട് ഗുണ്ടായിയില്‍ നടത്തിയ ഖനനത്തിനിടെയാണ് ക്ഷേത്രം കണ്ടെത്തിയത്.

വിഷ്ണു ക്ഷേത്രമാണ് കണ്ടെത്തിയതെന്ന്  ഖൈബര്‍ പഖ്തുന്‍ഖ്വ ആര്‍ക്കിയോളജി വകുപ്പിലെ ഫാസല്‍ ഖാലിക്ക് പറഞ്ഞു. 1,300 വര്‍ഷം മുമ്പ് ഹിന്ദു ഷാഹി കാലഘട്ടത്തിലാണ് ഇത് നിര്‍മ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കാബൂള്‍ താഴ്‌വര (കിഴക്കന്‍ അഫ്ഗാനിസ്ഥാന്‍), ഗാന്ധാര (ഇന്നത്തെ പാകിസ്ഥാന്‍), ഇന്നത്തെ വടക്കുപടിഞ്ഞാറന്‍ ഇന്ത്യ എന്നിവ ഭരിച്ച ഒരു ഹിന്ദു രാജവംശമായിരുന്നു ഹിന്ദു ഷാഹി അഥവാ കാബൂള്‍ ഷാഹിസ് (എ.ഡി. 850-1026). ഖനനത്തിനിടെ പുരാവസ്തുഗവേഷകര്‍ ക്ഷേത്ര സ്ഥലത്തിനടുത്തുള്ള കന്റോണ്‍മെന്റിന്റെയും കാവല്‍ ഗോപുരങ്ങളുടെയും അവശിഷ്ടങ്ങളും കണ്ടെത്തി.

ക്ഷേത്ര സ്ഥലത്തിന് സമീപം ആരാധനയ്ക്ക് മുമ്പ് കുളിക്കാന്‍ ഹിന്ദുക്കള്‍ ഉപയോഗിച്ചിരുന്നതായി വിശ്വസിക്കുന്ന സ്‌നാന ഘട്ടവും പുരാവസ്തു ഖനന വിദഗ്ധര്‍ കണ്ടെത്തി. ആയിരം വര്‍ഷം പഴക്കമുള്ള പുരാവസ്തു കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. ഹിന്ദു ഷാഹി കാലഘട്ടത്തിലെ തെളിവുകള്‍ ഈ പ്രദേശത്ത് ആദ്യമായാണ് കണ്ടെത്തിയിട്ടുണ്ടെന്നും ഖാലിക് പറഞ്ഞു.

സ്വാത് ജില്ലയില്‍ കണ്ടെത്തിയ ഗന്ധാര നാഗരികതയുടെ ആദ്യത്തെ ക്ഷേത്രമാണിതെന്ന് ഇറ്റാലിയന്‍ പുരാവസ്തു ദൗത്യ മേധാവി ഡോ. ലൂക്ക പറഞ്ഞു.

പ്രകൃതി സൗന്ദര്യം, മത ടൂറിസം, സാംസ്‌കാരിക ടൂറിസം, പുരാവസ്തു സൈറ്റുകള്‍ തുടങ്ങി എല്ലാത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളും ഉള്ള പാക്കിസ്ഥാനിലെ മികച്ച 20 സൈറ്റുകളില്‍ സ്വാത് ജില്ല ഉള്‍പ്പെടുന്നു. ബുദ്ധമതത്തിന്റെ നിരവധി ആരാധനാലയങ്ങളും സ്വാത് ജില്ലയിലാണ്.

Other News