മരുന്ന് വാങ്ങാന്‍ 30 രൂപ ചോദിച്ചതിന് മൊഴി ചൊല്ലി; ഭര്‍ത്താവ് അറസ്റ്റില്‍


AUGUST 13, 2019, 9:39 PM IST

ഹാപൂര്‍: മരുന്ന് വാങ്ങാന്‍ 30 രൂപ ചോദിച്ചതിന്  ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റില്‍. മൊഴി ചൊല്ലിയതായി ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പോകാനും മരുന്നിനുമായി യുവതി 30  രൂപ ചോദിച്ചു.പണം നല്‍കില്ലെന്ന് ഭര്‍ത്താവ് പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി.ഒടുവില്‍ യുവാവ് ഭാര്യയെ മുത്തലാഖ് ചൊല്ലി വീട്ടില്‍ നിന്നും പുറത്താക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

മൂന്ന് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. മൊഴി ചൊല്ലിയതോടെ ഭര്‍ത്താവ് രണ്ട് കുട്ടികളെയും തന്നില്‍ നിന്ന് അകറ്റിയിരിക്കുകയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി പാര്‍ലമെന്റ്  പാസാക്കിയ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തതെന്ന് ഹാപൂർ ഡി എസ് പി രാജേഷ് സിംഗ് പറഞ്ഞു.പ്രതിക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

രണ്ടു മക്കളെയും തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട യുവതി നിയമ നടപടിയെടുത്ത പൊലീസിന് നന്ദി പറഞ്ഞു.

Other News