മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായി ഭാര്യാഭര്‍ത്താക്കന്മാര്‍ സത്യപ്രതിജ്ഞ ചെയ്തു


DECEMBER 5, 2020, 12:53 AM IST

ചെന്നൈ: ജഡ്ജിമാരായി ഭാര്യാഭര്‍ത്താക്കന്മാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന അപൂര്‍വ സന്ദര്‍ഭത്തിന് മദ്രാസ് ഹൈക്കോടതി വ്യാഴാഴ്ച സാക്ഷ്യം വഹിച്ചു.

ഹൈക്കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് മുരളി ശങ്കര്‍ കുപ്പുരാജു, ജസ്റ്റിസ് തമിഴ്സെല്‍വി ടി. വലയപാളയം എന്നീ ദമ്പതികളാണ് ഒരേ ദിവസം ഉന്നത നീതിപീഠത്തിലേക്ക് എത്തിയത്. ഇതേ ദിവസം മറ്റ് എട്ട് ജഡ്ജിമാരും സത്യപ്രതിജ്ഞചെയ്തു.

 മദ്രാസ് ഹൈക്കോടതിയില്‍ ഒരേ ദിവസം തന്നെ ഭാര്യാഭര്‍ത്താക്കന്മാര്‍ ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത് ഇതാദ്യമായാണെന്ന് പുതുതായി സത്യപ്രതിജ്ഞ ചെയ്ത ജഡ്ജിമാര്‍ക്ക് സ്വാഗത പ്രസംഗം നല്‍കിയ അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണന്‍ പറഞ്ഞു.

തിരുച്ചിയിലെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് & സെഷന്‍സ് ജഡ്ജിയായി സേവനമനുഷ്ഠിച്ചിരുന്ന മുരളി ശങ്കര്‍ കുപ്പുരാജു, മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ചില്‍ രജിസ്ട്രാര്‍ (ജുഡീഷ്യല്‍) ആയി നിയമിക്കപ്പെട്ട തമിഴ്‌സെല്‍വി ടി. വലയപാളയം എന്നിവര്‍ 1996 ല്‍ ആണ് വിവാഹിതരായത്.

കഴിഞ്ഞ വര്‍ഷം പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ ഒരു ഭര്‍ത്താവും ഭാര്യയും ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജസ്റ്റിസുമാരായ വിവേക് പുരി, അര്‍ച്ചന പുരി എന്നിവരാണ് അവര്‍.

2009 ല്‍ ദില്ലി ഹൈക്കോടതിയില്‍ ജസ്റ്റിസുമാരായ എ കെ പതക്, ഇന്ദര്‍മീത് കൗര്‍ എന്നി ദമ്പതികളെ നിയമിച്ചപ്പോളും സമാനമായ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നിരുന്നു.

Other News