ബലാത്സംഗക്കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കൊന്നത് സുപ്രിംകോടതി ബുധനാഴ്ച പരിഗണിക്കും


DECEMBER 9, 2019, 12:35 PM IST

ന്യൂഡല്‍ഹി:  ഹൈദരാബാദില്‍ വനിത ഡോക്ടറെ ബലാത്സംഗം ചെയ്തതിനുശേഷം പെട്രോള്‍ ഒഴിച്ചുകത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കൊന്നതിനെ ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രിംകോടതി ബുധനാഴ്ച പരിഗണിക്കും.

അടിയന്തരമായി വാദം കേള്‍ക്കണമെന്ന സുപ്രിംകോടതി അഭിഭാഷകരുടെ ആവശ്യം ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അംഗീകരിച്ചു.

ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകരായ ജി എസ് മണി, പ്രദീപ് കുമാര്‍ യാദവ് എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്. കേസ് എടുത്ത് പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തില്‍ തെലങ്കാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല. രചകൊണ്ട കമ്മിഷണര്‍ മഹേഷ് എം ഭഗവതിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.

ഡിസംബര്‍ ആറിന് പുലര്‍ച്ചെയാണ് ഹൈദരാബാദ് കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തുന്നത്. തെളിവെടുപ്പിനിടെ കുറ്റകൃത്യം പുനഃരാവിഷ്‌കരിക്കുമ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നാണ് പോലീസ് ഭാഷ്യം.

ഇതിനിടെയാണ് പൊലീസ് പ്രതികള്‍ക്ക് നേരെ വെടിവച്ചത്. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് കൊന്നത്. കേസില്‍ നാല് പ്രതികളായിരുന്നു ഉണ്ടായിരുന്നത്.

സംഭവം രാജ്യം മുഴുവന്‍ചര്‍ച്ച ചെയ്യുകയാണ്. പ്രതികളെ വെടിവെച്ചു കൊന്ന പോലീസുകാരെ അഭിനന്ദിച്ച് കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങള്‍ അടക്കം രംഗത്തുവന്നിരുന്നു.

Other News