ഭാര്യ ഒളിച്ചോടിയതിന്റെ പകയില്‍ യുവാവ് പ്രേമം നടിച്ച് കൊലപ്പെടുത്തിയത് 18 സ്ത്രീകളെ


JANUARY 28, 2021, 6:40 AM IST

ഹൈദരാബാദ്: ഭാര്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടിയതിന്റെ പേരില്‍ സ്ത്രീകളോട് പകതോന്നിയ യുവാവ് 20 വര്‍ഷത്തിനിടയില്‍ പ്രേമം നടിച്ച് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത് 18 സ്ത്രീകളെ. ഹൈദരാബാദ് പോലീസാണ് സ്ത്രീ വിദ്വേഷത്താല്‍ ക്രമിനലായി മാറിയ മൈന രാമുലു എന്നയാള്‍ നടത്തിയ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്.  റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയ 50 കാരിയുടെ ജഡത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടയില്‍ ഇയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങഅങള്‍ പുറത്തുവന്നത്.

 മൈന രാമുലു 21ാം വയസ്സില്‍ വിവാഹം ചെയ്തു ഏറെ വൈകാതെ ഭാര്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടി. ഇതോടെ സ്ത്രീകളോട് തീര്‍ത്താര്‍ തീരാത്ത പകയായി. ചൊവ്വാഴ്ച ഹൈദരാബാദില്‍ അറസ്റ്റിലായ 40കാരന്‍ മൈന രാമലു 20 വര്‍ഷത്തിനിടെ 18 സ്ത്രീകളെ കൊന്നതായി പോലീസ് പറഞ്ഞു.

നേരത്തെ 21 കേസുകളില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ 16ഉം കൊലപാതകക്കേസുകളാണ്. ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങിയാണ് പ്രതി വീണ്ടും കൊലപാതകങ്ങള്‍ നടത്തിയത്. ഒരു കേസില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിച്ച രാമുലു ഹൈക്കോടതിയില്‍ നിന്ന് ജാമ്യവും സംഘടിപ്പിച്ച് പുറത്തിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതോടെ ഈയിടെ നടന്ന രണ്ടു സ്ത്രീകളുടെ കൊലപാതങ്ങളിലും തുമ്പായി. സിറ്റി പോലീസ് ടാസ്‌ക് ഫോഴ്സും രചകൊണ്ട കമ്മീഷണറേറ്റും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഭാര്യ ഒളിച്ചോടി പോയതോടെയാണ് പ്രതിക്ക് സ്ത്രീകളോട് പക വര്‍ധിച്ചതെന്ന് പോലീസ് പറയുന്നു. 2003ലാണ് കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടു തുടങ്ങിയത്. ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകളെ പണം നല്‍കി ലൈംഗിക ബന്ധത്തിന് വശീകരിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്യുകയാണ് ഇയാളുടെ രീതി. ഇരകളെ മദ്യം നല്‍കി കൊലപ്പെടുത്തുകയും ശേഷം അവരുടെ പക്കലുള്ള പണവും മറ്റും കവര്‍ന്ന് സ്ഥലംവിടുകയും ചെയ്യുകയാണ് ഇയാളുടെ രീതിയെന്നും പോലീസ് പറഞ്ഞു.

ഒരാഴ്ച മുമ്പ് കാണാതായ 50കാരി കവല വെങ്കടമ്മയുടെ മൃതദേഹം റെയില്‍വെ ട്രാക്കിനു സമീപം കണ്ടെത്തിയിരുന്നു. ഈ കേസ് അന്വേഷണത്തിന്റെ ഭാഗമായി യുസുഫ്ഗുഡയിലെ ഒരു കള്ളുഷാപ്പിന്റെ പരിസരത്തെ അഞ്ഞൂറോളം സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചപ്പോഴാണ് മൈന രാമുലു സംശയത്തിലായത്. ഇയാള്‍ നടത്തുന്ന കൊലപാതകങ്ങള്‍ക്ക് സമാനമാണ് ഈ കൊലയെന്നും പോലീസ് കണ്ടെത്തി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ രണ്ടു സ്ത്രീകളെ കൊന്നതായി പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. രണ്ടാമത്തെ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. കള്ളുഷാപ്പില്‍ വച്ച് കണ്ടുമുട്ടിയ വെങ്കടമ്മയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയി കഴുത്ത് ഞെരിച്ച് കൊന്ന് പണം കവരുകയായിരുന്നുവെന്നും പ്രതി രാമുലു വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

Other News