ഗവേഷകന് കോവിഡ്: ഐസിഎംആര്‍ ആസ്ഥാനം അടച്ചു


JUNE 1, 2020, 11:26 AM IST

ന്യൂഡല്‍ഹി: ഗവേഷകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസിഎംആര്‍ ആസ്ഥാനം അടച്ചു. കെട്ടിടം സാനിറ്റൈസും ഫ്യുമിഗേറ്റും ചെയ്ത് രണ്ട് ദിവസത്തിന് ശേഷം ഐസിഎംആര്‍ പ്രവര്‍ത്തനം പഴയ രീതിയില്‍ പുനരാരംഭിക്കും.

രണ്ടാഴ്ചകള്‍ക്ക് മുമ്പ് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെ ആസ്ഥാനത്ത് എത്തിയ ഗവേഷകനാണ് പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആസ്ഥാനം അടയ്ക്കുകയായിരുന്നു. ജീവനക്കാരോട് രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അത്യാവശ്യമെങ്കില്‍ മാത്രം കോവിഡ് കോര്‍ ടീം ആസ്ഥാനത്ത് എത്തിയാല്‍ മതിയെന്ന് അധികൃതര്‍ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു.അതേസമയം, ഇന്ത്യയില്‍ തുടര്‍ച്ചയായി രണ്ടാം ദിനവും കോവിഡ് കേസുകള്‍ 8000 കടന്നു. പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റ ദിവസത്തെ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 8392 പോസിറ്റീവ് കേസുകളും 230 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 190535 ആയി. 5394 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 93322 പേരാണ് ചികിത്സയിലുള്ളത്. 91818 പേര്‍ രോഗമുക്തി നേടി.

Other News