അമര്‍നാഥ് തീര്‍ത്ഥാടന പാതയില്‍ സ്‌ഫോടക വസ്തുക്കള്‍; പിന്നില്‍ പാകിസ്ഥാനെന്ന് ഇന്ത്യന്‍ സൈന്യം


AUGUST 2, 2019, 4:01 PM IST

ന്യൂഡല്‍ഹി: അമര്‍നാഥ് തീര്‍ത്ഥയാത്രാ പാതയില്‍ നിന്ന് ബോംബുകളും സ്‌നൈപ്പര്‍ റൈഫിളുകളും കണ്ടെടുത്തതായി സൈന്യവും പോലീസും. സംയുക്ത പത്രസമ്മേളനത്തിലാണ് ഇവര്‍ഇത് വ്യക്തമാക്കിയിരിക്കുന്നത്.  പാകിസ്ഥാന്‍ സെന്യത്തിന്റെ പിന്തുണയോടെ ഭീകരര്‍ നടത്തിയതാകാമിതെന്നാണ് നിഗമനം. അമേരിക്കന്‍ നിര്‍മിത എം 24 സ്‌നൈപ്പര്‍ റൈഫിളടക്കമുള്ള ആയുധങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ജമ്മു കശ്മീരില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സുരക്ഷാ സേനകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിച്ചത്.

കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി പാകിസ്ഥാന്‍ പിന്തുണയോടെ അമര്‍നാഥ് യാത്ര അട്ടിമറിക്കാന്‍ ഭീകരര്‍ ശ്രമിക്കുന്നതായി വ്യക്തമായ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ ശക്തമാക്കിയത്. തിരച്ചിലില്‍ മൈനുകളും സ്‌നൈപ്പര്‍ റൈഫിളുകളുമുള്‍പ്പെടെയുള്ള ആയുധ ശേഖരം പിടിച്ചെടുത്തതായും ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്.ജനറല്‍ കെജെഎസ് ധില്ലന്‍ പറഞ്ഞു.

അമര്‍നാഥ് പാതയില്‍ നടത്തിയ തിരച്ചിലില്‍ നിന്നാണ് ഐ.ഇ.ഡികളും നാടന്‍ ബോംബുകളുമടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതെന്നും അവര്‍ വ്യക്തമാക്കി. വളരെ അകലെ നിന്നു പോലും ടെലിസ്‌കോപ്പിലൂടെ ലക്ഷം വെച്ച് വെടിയുതിര്‍ക്കാവുന്ന തോക്കുകളാണ് എം4 സ്‌നിപ്പര്‍ റൈഫിളുകള്‍. അമേരിക്കയില്‍ നിര്‍മ്മിച്ച ഇത്തരം റൈഫിളുകളാണ് കണ്ടെടുത്തത്.

Other News