മരടിലെ വിവാദ ഫളാറ്റുകള്‍ പൊളിച്ചേ തീരൂവെന്ന്  സുപ്രീംകോടതി


JULY 5, 2019, 4:09 PM IST

ന്യൂഡല്‍ഹി:  മരടിലെ വിവാദ ഫ്‌ളാറ്റുകള്‍ പൊളിച്ചേ തീരൂ എന്ന് സുപ്രിംകോടതി. ഫ്‌ളാറ്റുകള്‍ നിലനിര്‍ത്തുന്നതിനുവേണ്ടി കോടതിയെ കബളിപ്പിക്കാനുള്ള ശ്രമം നടന്നുവെന്നും സുപ്രീംകോടതിയില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

പൊളിച്ചുനീക്കണമെന്ന ഉത്തരവിനെതിരെ ഫ്‌ലാറ്റുടമകള്‍ നല്‍കിയ റിട്ട് ഹര്‍ജികള്‍ തള്ളികൊണ്ടാണ് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഫ്‌ലാറ്റുകള്‍ പൊളിച്ചേ തീരൂ. കോടതിയില്‍ തട്ടിപ്പ് നടത്താനുള്ള ശ്രമം തുടര്‍ന്നാല്‍ അഭിഭാഷകര്‍ നടപടി നേരിടേണ്ടിവരും എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു മാറ്റണമെന്ന് മെയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനെതിരെ ഫ്‌ലാറ്റുടമകള്‍ നല്‍കിയ റിട്ട് ഹര്‍ജികള്‍ മുന്നിലെത്തിയതോടെ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍.

ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കല്യാണ്‍ ബാനര്‍ജിയോട് ജസ്റ്റിസ് മിശ്ര പൊട്ടിത്തെറിച്ചു. കൊല്‍ക്കത്ത ബന്ധം ഉപയോഗിച്ച് തന്നെ സ്വാധീനിക്കാന്‍ ആണോ കല്യാണ്‍ ബാനര്‍ജിയെ കേസില്‍ ഹാജറാക്കിയത് എന്നായിരുന്നു കോടതിയുടെ ചോദ്യം.കോടതിയില്‍ തട്ടിപ്പ് നടത്താനാണ് മുതിര്‍ന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമം. ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി അറിയാം.

പരിഗണിക്കാന്‍ ഒന്നിലധികം തവണ കോടതി വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുന്‍പാകെ ഉന്നയിച്ചു. ഇത് ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണ്. പണം ലഭിച്ചാല്‍ അഭിഭാഷകര്‍ക്ക് എല്ലാം ആയോ എന്നും പണം മാത്രം മതിയോ എന്നും കോടതി ചോദിച്ചു. ഇത്തരം നീക്കങ്ങള്‍ ആവര്‍ത്തിച്ചാല്‍ മുതിര്‍ന്ന അഭിഭാഷകര്‍ക്ക് എതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.ഇനി ഒരു കോടതിയും ഈ വിഷയത്തിലെ ഹര്‍ജികള്‍ പരിഗണിക്കരുതെന്നും ഇന്നത്തെ ഉത്തരവിലുണ്ട്. മരടിലെ ഹോളി ഫെയ്ത്, കായലോരം, ആല്‍ഫാ വെഞ്ചേഴ്‌സ്, ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിംഗ് എന്നീ അപ്പാര്‍ട്‌മെന്റുകള്‍ പൊളിക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്.

Other News