ഗീത ഗോപിനാഥ് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് പദവി ഉപേക്ഷിക്കുന്നു


OCTOBER 21, 2021, 3:45 PM IST

വാഷിങ്ടണ്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവും സാമ്പത്തിക വിദഗ്ധയുമായ ഗീത ഗോപിനാഥ് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് പദവി ഉപേക്ഷിക്കുന്നു. അടുത്ത വര്‍ഷം ജനുവരിയോടെ ജോലി ഉപേക്ഷിച്ച് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലേക്ക് തിരികെ പോകുമെന്ന് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

2019 ജനുവരിയിലാണ് 49കാരിയായ ഗീത ഗോപിനാഥ് ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ടിന്റെ ചീഫ് എക്കണോമിസ്റ്റ് ആയി നിയമിതയായത്. കണ്ണൂര്‍ സ്വദേശിയായ ഗീത ഗോപിനാഥ് നിലവില്‍ യുഎസ് പൗരയാണ്.

ഗീത ഗോപിനാഥിന്റെ പിന്‍ഗാമിക്കായുള്ള അന്വേഷണം ഉടന്‍ ആരംഭിക്കുമെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിവ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഗീത ഐഎംഎഫിന് നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമാണെന്നും ജോര്‍ജിയേവ പറഞ്ഞു. ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് ആകുന്ന ആദ്യത്തെ വനിതയാണ് ഗീത ഗോപിനാഥ്. മൂന്ന് വര്‍ഷമാണ് ഇവര്‍ ഐഎംഎഫിന്റെ പദവിയില്‍ സേവനം അനുഷ്ഠിച്ചത്.

1971 ഡിസംബറില്‍ ജനിച്ച ഗീത ഗോപിനാഥ് കൊല്‍ക്കത്തയില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഡല്‍ഹിയിലെ ലേഡി ശ്രീ റാം കോളജില്‍ നിന്ന് കൊമേഴ്സില്‍ ബിരുദം നേടി. ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്സില്‍ നിന്നും വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Other News