മോഡി സര്‍ക്കാര്‍ കാശ്മീരികളെ വംശഹത്യനടത്തുമെന്ന് ഭയക്കുന്നതായി ഇമ്രാന്‍ ഖാന്‍


AUGUST 7, 2019, 7:00 PM IST

വാഷിങ്ടണ്‍:  മോഡിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ സര്‍ക്കാര്‍ കാശ്മീരികളെ വംശഹത്യനടത്തുമെന്ന് ഭയക്കുന്നതായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കാശ്മീരിന്റെ പ്രത്യേകപദവി ഇല്ലാതാക്കിയ നടപടിയുടെ പശ്ചാത്തലത്തില്‍ വിളിച്ചുകൂട്ടിയ സൈനികമേധാവികളുള്‍പ്പടെയുള്ളവരുടെ സുരക്ഷാ യോഗത്തിലാണ് ഇമ്രാന്‍ ഖാന്റെ അഭിപ്രായ പ്രകടനം.

കാശ്മീരിന്റെ പ്രത്യേകപദവി ഇല്ലാതാക്കിയ നടപടിയെ പിന്‍പറ്റി ഇന്ത്യ പുല്‍വാമ അക്രമണം പോലുള്ളവ സംഘടിപ്പിക്കുമെന്നും അത് യുദ്ധം ക്ഷണിച്ചുവരുത്തുന്നതാകുമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.ആരും വിജയിക്കാത്ത യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. അതിന്റെ അനുരണനങ്ങള്‍ അന്തര്‍ദ്ദേശീയ തലത്തില്‍ വ്യാപിക്കും. ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. നേരത്തെ കാശ്മീരികളെ സംരക്ഷിക്കാന്‍ തങ്ങള്‍ ഏതറ്റം വരെയും പോകുമെന്ന് പാക്കിസ്ഥാന്‍ സൈനികമേധാവി പ്രഖ്യാപിച്ചിരുന്നു. 

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയം ലോക്‌സഭ ഇന്നലെയാണ് പാസ്സാക്കിയത്. 72 നെതിരെ 351 വോട്ടുകള്‍ക്കായിരുന്നു പ്രമേയം പാസ്സായത്. അതേസമയം ഇതുസംബന്ധിച്ച് കാശ്മീരിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്നും എന്നാല്‍ വിഘടനവാദികളുമായി ചര്‍ച്ചയ്്ക്കില്ലെന്നും ബില്‍ അവതരിപ്പിച്ച ആഭ്യന്ത്രമന്ത്രി അമിത് ഷാ വ്യക്തമാക്കി.

Other News