ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി ഒരു എംഎല്‍എ കൂടി രാജിവച്ചു


JANUARY 13, 2022, 1:52 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി ഒരു എംഎല്‍എ കൂടി രാജിവച്ചു. ഷികോഹാബാദ് എംഎല്‍എയായ മുകേഷ് വെര്‍മ പിന്നാക്ക സമുദായത്തില്‍ നിന്നുള്ള നേതാവാണ്. 48 മണിക്കൂറിനകം ഏഴാമത്തെ എംഎല്‍എയാണ് യോഗി ആദിത്യനാഥിന്റെ പാളയത്തില്‍ നിന്ന് രാജിവച്ച് പുറത്ത് പോകുന്നത്.പിന്നാക്കസമുദായത്തില്‍പ്പെട്ട നേതാവാണ് ഡോക്ടര്‍ കൂടിയായ മുകേഷ് വെര്‍മ. പിന്നാക്ക സമുദായങ്ങളെ യോഗി സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് മുകേഷ് വെര്‍മയും രാജി നല്‍കിയിരിക്കുന്നത്. രാജിവിവരം സ്ഥിരീകരിച്ചുകൊണ്ട് മുകേഷ് വെര്‍മ പറഞ്ഞതിങ്ങനെ, 'സ്വാമി പ്രസാദ് മൗര്യയാണ് ഞങ്ങളുടെ നേതാവ്. അദ്ദേഹത്തിന്റെ പാത ഞങ്ങള്‍ പിന്തുടരും. അദ്ദേഹം സ്വീകരിക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കും. ഇനിയും നേതാക്കള്‍ ബിജെപി വിട്ട് വരും'.കുര്‍ണി വിഭാഗത്തില്‍പ്പെട്ട നേതാവാണ് മുകേഷ് വെര്‍മ. യാദവസമുദായം കഴിഞ്ഞാല്‍ ഉത്തര്‍പ്രദേശിലെ ശക്തമായ മറ്റൊരു പിന്നാക്ക വിഭാഗമാണ് കുര്‍ണി. മുകേഷ് വെര്‍മ ബിഎസ്പിയില്‍ നിന്നാണ് ബിജെപിയിലെത്തിയത്. എന്നാല്‍ താന്‍ ഏത് പാര്‍ട്ടിയിലേക്കാണ് പോകുന്നതെന്ന് മുകേഷ് വര്‍മ വ്യക്തമാക്കിയിട്ടില്ല.ഇതേ കാരണം മുന്‍നിര്‍ത്തിയായിരുന്നു നേരത്തെയും എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടത്. അതുകൊണ്ടു തന്നെ ഇതൊരു ആസൂത്രിത നീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് കൊണ്ടാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത് എന്ന വിശദീകരണത്തില്‍ വിഷയം ഒതുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാല്‍, പിന്നാക്ക വിഭാഗത്തെ അവഗണിക്കുന്നു എന്ന നേതാക്കളുടെ ആരോപണത്തില്‍ നേതൃത്വം ഇനിയും പ്രതികരിച്ചിട്ടില്ല.

Other News