മോട്ടോര്‍ വാഹന ഉടമസ്ഥാവകാശ കൈമാറ്റ പ്രക്രിയ സുഗമമാക്കാന്‍ നോമിനിയെ ഉള്‍പ്പെടുത്തുന്നു


NOVEMBER 28, 2020, 7:30 AM IST

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന ഉടമസ്ഥാവകാശം കൈമാറുന്ന പ്രക്രിയ സുഗമമാക്കുന്നതിന് ആര്‍ സിയില്‍ നോമിനിയെ നാമനിര്‍ദ്ദേശം ചെയ്യുന്നതിന് കേന്ദ്ര മോട്ടോര്‍ വാഹന ചടങ്ങള്‍ 1989 ഭേദഗതി ചെയ്യാന്‍ റോഡ്, ഗതാഗത, ദേശീയപാത മന്ത്രാലയം നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. 

വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നാമനിര്‍ദ്ദേശം ചെയ്യാനുള്ള സൗകര്യം ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ട്. അതിന് സാധിച്ചില്ലെങ്കില്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വഴിയും നോമിനിയുടെ പേര്‍ ചേര്‍ക്കാനുള്ള അവസരമുണ്ട്. വാഹന ഉടമ മരണപ്പെടുകയാണെങ്കില്‍ മോട്ടോര്‍ വാഹനം നോമിനിയുടെ പേരിലേക്ക് റജിസ്റ്റര്‍/ കൈമാറ്റം ചെയ്യാന്‍ ഇതിലൂടെ സാധിക്കും. 

നിലവില്‍ വാഹന ഉടമസ്ഥാവകാശം കൈമാറുന്ന പ്രക്രിയ രാജ്യത്തുടനീളം വലിയ ബുദ്ധിമുട്ടുള്ള സംഗതിയാണ്. ഓഫിസുകള്‍ കയറിയിറങ്ങിയാല്‍ മാത്രമേ അത് സാധിക്കുകയുള്ളു. 

വാഹന ഉടമ മരണമടയുന്നതോടെ വാഹനത്തിന്റെ നിയമപരമായ അവകാശിയാകാന്‍ മോട്ടോര്‍ വാഹനത്തിന്റെ നോമിനി തെളിവ് ഹാജരാക്കേണ്ടതുണ്ട്. നോമിനിയെ കുറിച്ച് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ വാഹനം നോമിനിയുടെ പേരില്‍ കൈമാറ്റം ചെയ്യപ്പെടും. വാഹന ഉടമയുടെ മരണ സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുകയും പോര്‍ട്ടല്‍ വഴി റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുകയും ചെയ്യാവുന്നതാണ്. 

നിയമ ഭേദഗതിയെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഇതിനകം ക്ഷണിച്ചിട്ടുണ്ട്.

Other News